ഉറങ്ങിക്കിടന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം; 23കാരിക്ക് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയിൽ

പ്രതീകാത്മക ചിത്രം
കുശിനഗർ: ഉത്തർപ്രദേശിലെ മോർവാനിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതി ആസിഡ് ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ടു. 23 വയസ്സുകാരിയായ കാജൽ ആണ് അതിക്രൂരമായ ആക്രമണത്തിന് ഇരയായി മരിച്ചത്. മോർവാൻ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് അതിക്രൂരമായ ഈ സംഭവം അരങ്ങേറിയത്.
വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന 23-കാരിയായ കാജലിനും അമ്മ ലീലാവതി ദേവിക്കും നേരെ അജ്ഞാതൻ മേൽക്കൂര വഴി വീട്ടിനുള്ളിൽ കടന്ന് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ കാജലിനെ ഗോരഖ്പുർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരണം സംഭവിച്ചു.
58 വയസ്സുള്ള ലീലാവതി ദേവി ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. രാംകോള പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, അക്രമി ആരാണെന്നോ ആക്രമണത്തിന് പിന്നിലെ പ്രകോപനം എന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.










0 comments