Deshabhimani

യുപിയിൽ ഭാര്യയെയും രണ്ട് പുരോഹിതന്മാരെയും വെടിവച്ചുകൊന്നു? പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

up police encounter aravind

കൊല്ലപ്പെട്ട അരവിന്ദ്(ഇടത്)

വെബ് ഡെസ്ക്

Published on Sep 23, 2026, 08:19 AM | 1 min read

ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്ന് പേരെ വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതിയായാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വാരാണസി സ്വദേശി അരവിന്ദ് സിങ് ആണ് കൊല്ലപ്പെട്ടത്. ഇയാൾ ഭാര്യ ബബിത സിങ്ങി(32)നെയും മഹേന്ദ്ര പഥക് (60), അഖിലേഷ് മിശ്ര (50) എന്നീ രണ്ട് പുരോഹിതന്മാരെയും വെടിവച്ചുകൊന്നതായി പൊലീസ് പറഞ്ഞു. കൂടാതെ മൂന്ന് മക്കളെ ബന്ദികളാക്കിയതായും ആരോപണമുണ്ട്. ഒരു മകന് വെടിയേറ്റതായും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയതായും യുപി പൊലീസ് കൂട്ടിച്ചേർത്തു.


ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. ബബിത പുരോഹിതന്മാരോടൊപ്പം മതപരമായ ചടങ്ങിൽ പങ്കെടുക്കുന്നത് കണ്ട അരവിന്ദ് ഇവരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് രോഷാകുലനായ ഇയാൾ തന്റെ പക്കലുള്ള ലൈസൻസുള്ള തോക്കുപയോ​ഗിച്ച് ഇവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് മൂന്ന് മക്കളെ അരവിന്ദ് വീട്ടിൽ ബന്ദികളാക്കി വച്ചതായും പ്രദേശവാസികൾ പറയുന്നു.


വിവരം അറിഞ്ഞെത്തിയ പൊലീസ് അരവിന്ദിന്റെ വീടും പരിസരവും വളഞ്ഞു. ഏഴ് മണിക്കൂർ ശ്രമിച്ചിട്ടും ഇയാൾ പുറത്തിറങ്ങാൻ തയാറായില്ല. ഒടുവിൽ വീടിനകത്തുനിന്ന് വെടിയുതിർക്കുന്ന ശബ്ദം കേട്ടതോടെ പൊലീസ് അകത്തേക്ക് കടക്കുകയായിരുന്നുവെന്ന് വാരാണസി സോൺ അഡീഷണൽ ഡിജിപി നവീൻ അറോറ പറഞ്ഞു. പൊലീസിനുനേരെ അരവിന്ദ് വെടിയുതിർത്തപ്പോഴാണ് സാഹചര്യം വഷളായതെന്നും പൊലീസ് തിരികെ വെടിയുതിർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.


എന്നാൽ അപ്പോഴേക്കും അരവിന്ദിന്റെ ഒരു മകൻ വെടിയേറ്റ നിലയിലായിരുന്നു. ഈ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ട് കുട്ടികൾ പരിഭ്രാന്തരാണെന്നും ഇവർക്ക് കൗൺസിലിങ്ങിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് തെളിവെടുപ്പും മറ്റ് നിയമനടപടികളും പുരോഗമിക്കുകയാണ്. അരവിന്ദ് മാനസികാസ്വാസ്ഥ്യമുള്ള ആളായിരുന്നെന്നും അമ്മയും ഭാര്യയും നിരന്തരം ഉപദ്രവിച്ചിരുന്നതായും പരാതിയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home