20 ലക്ഷം മോചനദ്രവ്യം; തട്ടിക്കൊണ്ട് പോയ അഞ്ചുവയസ്സുകാരിയെ കൊന്ന് വാട്ടർ ടാങ്കിൽ തള്ളി: പ്രതി പിടിയിൽ

ഹൈദരാബാദ്: അഞ്ചുവയസ്സുകാരിയെ തട്ടിയെടുത്ത് കൊലപ്പെടുത്തി ജലസംഭരണിയിൽ തള്ളിയ കേസിൽ മുൻ സെക്യൂരിറ്റി ഗാർഡ് അറസ്റ്റിൽ. കോവൂലാണ് സംഭവം. കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനുള്ളിൽ മൽക്കാജ്ഗിരി പൊലീസ് പ്രതിയെ പിടികൂടി. കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് 20 ലക്ഷം രൂപ മോചനദ്രവ്യം തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.
എന്നാൽ മോചനദ്രവ്യം ലഭിക്കുന്നത് വരെ കുട്ടിയെ തടങ്കലിൽ സൂക്ഷിക്കാൻ കഴിയില്ലെന്ന് മനസ്സിലായതിനെ തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ബീഹാറിലെ നളന്ദ ജില്ലക്കാരനായ വിക്രം കുമാർ ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ഒറേലിയ (മോനു) എന്ന അഞ്ചുവയസ്സുകാരി താമസിച്ചിരുന്ന 'വില്ല ഓർക്കിഡ്സ്' എന്ന റെസിഡൻഷ്യൽ ഫ്ലാറ്റിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.
സംഭവം നടക്കുന്നതിന് നാല് ദിവസം മുമ്പാണ്, മോശംപെരുമാറ്റത്തെ തുടർന്ന് വിക്രമിനെ ജോലിയിൽനിന്ന് പുറത്താക്കിയത്. ഒറേലിയുടെ മുത്തച്ഛൻ ഉൾപ്പെട്ട കമ്മിറ്റിയാണ് നടപടിയെടുത്തത്. ശാസ്ത്രജ്ഞനായ മിൽട്ടൺ ഫെർണാണ്ടസ് മോസസിന്റെ മകളാണ് ഒറേലിയ. കോവൂരിലെ അപ്പാർട്ട്‌മെന്റിന് പിന്നിലുള്ള വില്ല ഓർക്കിഡ്സിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഒറേലിയ വൈകുന്നേരം 6 മണിയോടെ ക്ലബ് ഹൗസിന് സമീപമുള്ള ഗെയിംസ് സോണിൽ സൈക്കിൾ ചവിട്ടാനും കളിക്കാനും പോകുന്നത് പതിവായിരുന്നു. എന്നാൽ ശനിയാഴ്ച വൈകുന്നേരം 7 മണിയായിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്തിയില്ല.
വൈകുന്നേരം 7.45 ഓടെ ജോലി കഴിഞ്ഞ് പിതാവ് തിരിച്ചെത്തിയപ്പോൾ, കുട്ടി തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ട് ഒരാൾ ഫോണിൽ വിളിച്ചതായി പിതാവ് മിൽട്ടനോട് മുത്തശ്ശൻ പറഞ്ഞു. തൊട്ടുപിന്നാലെ, അതേ മൊബൈൽ നമ്പറിൽ നിന്ന് മിൽട്ടനും ഫോൺ കോൾ ലഭിച്ചു. താൻ സെക്കന്തരാബാദിലുണ്ടെന്ന് അവകാശപ്പെട്ട് വിളിച്ചയാൾ, കുട്ടിയെ വിട്ടുകൊടുക്കാൻ 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.
തുടർന്ന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ബൊലാറം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. തിരച്ചിലിനൊടുവിൽ ക്ലബ് ഹൗസിന്റെ സെല്ലാറിലുള്ള ജലസംഭരണിയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് വിക്രം കുമാറിലേക്ക് എത്തിയത്. ഇയാളുടെ താമസസ്ഥലവും തൊഴിൽ വിവരങ്ങളും പരിശോധിച്ച പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
പെട്ടെന്ന് പണക്കാരനാകണമെന്ന ആഗ്രഹത്താലും ലേബർ ജോലി തുടരാൻ താല്പര്യമില്ലാത്തതിനാലുമാണ് ഇയാൾ തട്ടിയെടുക്കൽ ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരം 6.40 ഓടെയാണ് ഇയാൾ അപ്പാർട്ട്മെന്റ് വളപ്പിൽ പ്രവേശിച്ചത്. എന്നാൽ കുട്ടിയെ ഒളിവിൽ പാർപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് കണ്ടതോടെ കൊലപ്പെടുത്തി ക്ലബ് ഹൗസിലെ ജലസംഭരണിയിൽ തള്ളുകയായിരുന്നു.









0 comments