രാം ചരൺ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം; ക്യാമറാമാന് ഗുരുതര പരിക്ക്
ഹൈദരാബാദ്: ഹൈദരാബാദിൽ തെലുങ്ക് സിനിമ ചിത്രീകരണത്തിനിടെ കൂറ്റൻ ജല സംഭരണി തകർന്നുവീണ് അസിസ്റ്റന്റ് ക്യാമറാമാന് ഗുരുതര പരിക്ക്. ഷംഷാബാദിന് സമീപം നടൻ രാം ചരൺ നിർമിക്കുന്ന ദി ഇന്ത്യ ഹൗസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം.
സിനിമയിൽ കടലിന്റെ പശ്ചാത്തലമുണ്ടാക്കാൻ നിർമിച്ച കൂറ്റൻ ടാങ്ക് തകർന്നാണ് സെറ്റിൽ പ്രളയമുണ്ടായത്. തുടർന്ന് സ്ഥലം മുഴുവൻ വെള്ളത്തിനടിയിലായി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അസിസ്റ്റന്റ് ക്യാമറാമാന്റെ പരിക്ക് ഗുരുതരമാണ്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.ബുധനാഴ്ചയാണ് അപകടമുണ്ടായത്. സെറ്റിൽ വെള്ളം കയറുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അപകടത്തിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി.
നിഖിലാണ് ചിത്രത്തിലെ നായക കഥാപാത്രം അവതരിപ്പിക്കുന്നത്. രാം വംശി കൃഷ്ണ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാം ചരൺ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ദി ഇന്ത്യ ഹൗസ്. വർമ്മ കെ സിദ്ധാർത്ഥയും രാം വംശി കൃഷ്ണയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുപങ്കറും കൈൽ പോളുമാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.











0 comments