‘മെഡലിനോട് അടുക്കുമ്പോൾ മാത്രമല്ല, വർഷങ്ങളോളം താരങ്ങൾക്ക് പിന്തുണ വേണം’: അഭിനവ് ബിന്ദ്ര

അഭിനവ് ബിന്ദ്ര
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ അഭിനന്ദിച്ച് ഒളിമ്പിക് ചാമ്പ്യൻ ഷൂട്ടർ അഭിനവ് ബിന്ദ്ര.മെഡലിനോട് അടുത്തെത്തുമ്പോൾ മാത്രം ഇടപെടുന്നതിന് പകരം, വർഷങ്ങളോളം താരങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ പരിശീലന സംവിധാനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സ് അടുത്തിരിക്കെ രാജ്യത്തെ ഉയർന്ന നിലവാരത്തിലുള്ള കായിക പരിശീലന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
21 സ്വർണം, 27 വെള്ളി, 37 വെങ്കലം ഉൾപ്പെടെ 85 മെഡലുകളാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയത്. കഴിഞ്ഞ ഹാങ്‌ചോങ് ഗെയിംസിലെ 106 മെഡലുകളെ അപേക്ഷിച്ച് ഇത്തവണ ഇന്ത്യയുടെ നേട്ടം കുറഞ്ഞു.
“ഏഷ്യൻ ഗെയിംസ് ഏതാനും ദിവസത്തെ മത്സരം മാത്രമല്ല. വർഷങ്ങളായുള്ള കഠിനാധ്വാനം, പരിക്കുകൾ, പരിശീലനം, ത്യാഗങ്ങൾ എന്നിവയുടെ ഫലമാണ് ഓരോ മെഡലും. താരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും പരിശീലകർക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വലിയ ആദരവും നന്ദിയും,” ബിന്ദ്ര ‘എക്‌സിൽ’ കുറിച്ചു.
യുവതാരങ്ങൾ ഉൾപ്പെടെ നിരവധി പേർ മികച്ച മുന്നേറ്റം നടത്തിയെന്നും അദ്ദേഹം വിലയിരുത്തി. അതേസമയം, പരാജയങ്ങളിൽനിന്ന് ആത്മാർഥമായി പാഠങ്ങൾ ഉൾക്കൊള്ളണമെന്നും ബിന്ദ്ര പറഞ്ഞു. പരിശീലനം, മത്സര ആസൂത്രണം, ഡാറ്റയുടെ ഉപയോഗം, പരിക്ക് തടയൽ, വീണ്ടെടുക്കൽ, താരങ്ങളുടെ മാനസിക-ശാരീരിക കരുത്ത് എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണമെന്നും ബിന്ദ്ര ആവശ്യപ്പെട്ടു.
“ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് രണ്ടുവർഷത്തിൽ താഴെ മാത്രമാണ്. ഒളിമ്പിക് കായികരംഗത്ത് ഇത് വലിയ കാലയളവല്ല. ഇപ്പോൾ തന്നെ ആഘോഷങ്ങൾക്കൊപ്പം ആത്മപരിശോധന നടത്തി അടിയന്തരതയോടെയും ലക്ഷ്യബോധത്തോടെയും പ്രവർത്തനം ആരംഭിക്കണം,” ബിന്ദ്ര പറഞ്ഞു.









0 comments