Deshabhimani

print edition ഐഎസ്‌ആർഒ 
സ്വകാര്യവൽക്കരണം ഉപേക്ഷിക്കണം: സിപിഐ എം

isro
വെബ് ഡെസ്ക്

Published on Sep 08, 2026, 01:30 AM | 1 min read

ന്യൂഡൽഹി: ഐഎസ്‌ആർഒയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉടൻ നിർത്തണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. ഇന്ത്യൻ ശാസ്‌ത്രജ്ഞർ ഏഴു ദശകം കൊണ്ട്‌ പ്രതിബദ്ധതയോടെ കെട്ടിപ്പടുത്ത ബഹിരാകാശ ഗവേഷണ പശ്‌ചാത്തലസ‍ൗകര്യങ്ങൾ അപ്പാടെ കൈമാറാനാണ് പദ്ധതി. ഐഎസ്‌ആർഒ ഇനി വിക്ഷേപണ വാഹനങ്ങൾ നിർമിക്കില്ലെന്ന ഇൻസ്‌പേസ്‌ ചെയർമാൻ പവൻ ഗോയങ്കയുടെ പ്രസ്‌താവനയിലൂടെ വെളിപ്പെടുന്നത്‌ സ്വകാര്യ മേഖലയ്‌ക്ക്‌ കൈമാറാനുള്ള ഗൂഢപദ്ധതിയാണ്‌.


പ്രതിരോധം, കൃഷി, ‍ദുരന്തനിവാരണം, കാലാവസ്ഥാ പ്രവചനം, റിമോട്ട്‌ സെൻസിങ്‌ തുടങ്ങിയ മേഖലകളിലെ ഐഎസ്‌ആർഒയുടെ സംഭാവന ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്കും സുരക്ഷയ്‌ക്കും തന്ത്രപ്രധാനമായ ഒന്നാണ്. സ്വാശ്രയത്വമുള്ള നിർണായക സ്ഥാപനത്തെ സ്വകാര്യവൽക്കരിക്കുന്നത്, രാജ്യത്തിന് പരമപ്രധാന വിഷയങ്ങളിൽ സ്വകാര്യ മേഖലയെ അനാവശ്യമായി ആശ്രയിക്കേണ്ട സ്ഥിതിയുണ്ടാക്കും.

ബഹിരാകാശ മേഖല സ്വകാര്യ മേഖലയ്‌ക്ക്‌ തുറന്നുകൊടുക്കുന്നതും ഉദാരമായ ഇളവുകളോടെ വിദേശനിക്ഷേപം അനുവദിക്കുന്നതുമായ 2023ലെ ബഹിരാകാശ നയത്തിന്റെ ഭാഗമാണ്‌ പുതിയ ചുവടുമാറ്റം.


സുതാര്യതയോ ഉത്തരവാദിത്വമോ ഇല്ലാതെ പൊതുസ്വത്ത്‌ സ്വകാര്യ മേഖലയ്‌ക്ക്‌ കൈമാറുന്നതിൽ പാർലമെന്റിന്റെ ശാസ്‌ത്ര–സാങ്കേതിക സ്റ്റാൻഡിങ്‌ കമ്മിറ്റി കഴിഞ്ഞ മാർച്ചിൽ ആശങ്ക പ്രകടമാക്കി. സ്വകാര്യവൽക്കരണത്തോട്‌ വിയോജിപ്പ്‌ അറിയിച്ച്‌ സ്റ്റാഫ്‌ അസോസിയേഷനുകളുടെ സംയുക്ത കർമസമിതി ഐസ്‌എസ്‌ആർഒ മേധാവിക്ക്‌ കത്തയച്ചെങ്കിലും പ്രതികരണം സ്വകാര്യവൽക്കരണത്തെ പിന്തുണയ്‌ക്കുംവിധമാണ്. രാജ്യസുരക്ഷ അപകടത്തിലാകുമോയെന്ന സുപ്രധാന ചോദ്യത്തിൽ വ്യക്തത വരുത്തിയില്ല.


ഐഎസ്‌ആർഒയെ ശക്തിപ്പെടുത്തണമെന്ന ശാസ്‌ത്രജ്‌ഞരുടെയും സാങ്കേതികവിദഗ്‌ധരുടെയും ജീവനക്കാരുടെയും ആവശ്യത്തിനൊപ്പമാണ്‌ സിപിഐ എം. ഇന്ത്യയുടെ തന്ത്രപരമായ താൽപ്പര്യങ്ങൾ നിശ്‌ചയമായും സംരക്ഷിക്കണം. ഐഎസ്‌ആർഒ പോലെ സുപ്രധാനമായ സ്ഥാപനത്തെ സ്വകാര്യവൽക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും സിപിഐ എം ചെറുക്കും –പിബി പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home