Deshabhimani

വിദ്യാർഥികളെ വിട്ടയക്കുക, അപമര്യാദയായി പെരുമാറിയ പൊലീസുകാരൻ മാപ്പ് പറയുക; നിരാഹാരസമരം പ്രഖ്യാപിച്ച് എ എ റഹിം

Delhi SFI Leaders arrest A A Rahim Nangloi Stadium

സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകയെ പൊലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുന്നു | ഫോട്ടോ: പി വി സുജിത് (ഇടത്), നങ്‍ളോയ് സ്റ്റേഡിയത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് എ എ റഹിം എംപി സംസാരിക്കുന്നു (വലത്)

വെബ് ഡെസ്ക്

Published on Oct 10, 2026, 03:45 PM | 1 min read

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികളെയും യുവാക്കളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത പ്രവർത്തകർക്കൊപ്പം നങ്‌ളോയ് സ്റ്റേഡിയത്തിൽവെച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപി നിരാഹാരസമരം പ്രഖ്യാപിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട മൂന്നുറിലേറെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരും നിരാഹാരസമരം നടത്തും.


സമരത്തിനിടെ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ പൊലീസ് ഉദ്യോ​ഗസ്ഥൻ പവൻ തമാർ മാപ്പ് പറയുക, ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുക്കുക, വിദ്യാർഥികളെ വിട്ടയക്കുക, പൊലീസ് അന്യായമായി പിടിച്ചുവെച്ച മൊബൈൽ ഫോണുകളും ബാ​ഗുകളും വിട്ടുനൽകുക- തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാരസമരം.





സിജെപിയും ഇടതുപക്ഷസംഘടനകളും ജന്തർമന്തറിൽ പ്രഖ്യാപിച്ച സമരത്തെ അടിച്ചമർത്താൻ അതിക്രൂരമായ ആക്രമണമാണ് പൊലീസും സുരക്ഷാസേനയും അഴിച്ചുവിട്ടത്. സമരത്തിൽ പങ്കെടുക്കാനെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്ബ്യൂറോ അം​ഗവും കേരളത്തിന്റെ പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു. മറ്റ് പൊളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റിയം​ഗങ്ങളെയും, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ ഉൾപ്പെടെയുള്ള ഇടതുപക്ഷ എംപിമാരെയും വലിച്ചിഴച്ചുനീക്കി. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും അഖിലേന്ത്യാ ഭാരവാഹികളെല്ലാം അറസ്റ്റിലായി. ഐഷി ഘോഷ് ഉൾപ്പെടെയുള്ള എസ്എഫ്ഐ നേതാക്കൾക്ക് പൊലീസ് മർദനമേറ്റു. പല പ്രവർത്തകരുടെയും വസ്ത്രങ്ങൾ വലിച്ചുകീറി, ബാഗും സാധനങ്ങളും പിടിച്ചുപറിച്ചു.


ജനാധിപത്യമര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് സമരക്കാർക്ക് നേരെ മനുഷ്യവേട്ട നടത്തുകയാണ് പൊലീസും കേന്ദ്രസേനകളും. വിദ്യർത്ഥികളെ റോഡിൽ തള്ളിയിടുകയും തറയിലിട്ട് മർദിക്കുകയും ചെയ്തു. അതേസമയം, ബാരിക്കേഡുകൾക്കും പൊലീസ് വാഹനങ്ങൾക്കും തടയാനാകാത്ത തരം ജനകീയ പ്രക്ഷോഭമാണ് ഡൽഹിയിൽ നടക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home