ട്രക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞു; 32 ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്

ഗുവാഹത്തി: അസമിലെ ബോംഗൈഗാവ് ജില്ലയിൽ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം നാഷണൽ ഹൈവേ 31C-ൽ, ദാങ്‌തോൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാൽഗിരി ഏരിയയിലാണ് അപകടം വടന്നത്.
ജവാന്മാർ സഞ്ചരിച്ചിരുന്ന ട്രക്ക് റോഡരികിലെ കുഴിയിലേയ്ക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞുള്ള മടക്കയാത്രയിലാണ് അപകടം. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളും പൊലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ബസ് ഡ്രൈവർ മരിച്ചു. ഗോൾപാറ ജില്ലയിലെ ഷിംലിറ്റോളയിലെ ഗരോയിമാരി സ്വദേശിയായ സാംസുൽ ഹഖ് (42) ആണ് മരിച്ചത്.
പരിക്കേറ്റ എല്ലാ ജവാന്മാരെയും ഉടൻ തന്നെ ബോംഗൈഗാവ് സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ട്രക്ക് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസും സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








0 comments