ഓടിക്കളിക്കുന്നതിനിടെ 14 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു; ഹൃദയാഘാതമെന്ന് സംശയം

ആനന്ദി മോദി
രാജ്കോട്ട്: സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ, 14 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശി ആനന്ദി മോദി എന്ന പെൺകുട്ടിയാണ് മരിച്ചത്. കുഴഞ്ഞുവീണയുടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.
ജാംനഗർ സ്വദേശിയായ ആനന്ദി മോദി, വേനലവധി ആഘോഷിക്കുന്നതിനാണ് രാജ്കോട്ടിലുള്ള തന്റെ അമ്മയുടെ സഹോദരന്റെ വീട്ടിൽ എത്തിയത്. ഞായറാഴ്ച വൈകുന്നേരം കുടുംബാംഗങ്ങൾ ഒരുമിച്ച് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം റെസ്റ്റോറന്റ് പരിസരത്ത് മറ്റ് കുട്ടികളോടൊപ്പം ആനന്ദി കളിക്കാൻ പോയി. കൂട്ടുകാർക്കൊപ്പം ഓടിക്കളിക്കുന്നതിനിടെ, പെട്ടെന്ന് ആനന്ദി നിലത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. പെൺകുട്ടിക്ക് ഹൃദയാഘാതം ഉണ്ടായതായാണ് സംശയിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
സമാനമായ മറ്റൊരു സംഭവം ഡിസംബർ 2024ൽ ഉത്തർപ്രദേശിലെ അലിഗഢിൽ റിപ്പോർട്ട് ചെയ്തിരുന്നു. സ്കൂളിലെ കായിക മത്സരത്തിനായി ഓടുന്നതിനിടെ 14 വയസ്സുകാരൻ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. കായിക മത്സരത്തിനായുള്ള പരിശീലനത്തിനിടെ കൂട്ടുകാരോടൊപ്പം രണ്ട് റൗണ്ട് ഓടിയ ശേഷമാണ് മോഹിത് ചൗധരി എന്ന ആൺകുട്ടി കുഴഞ്ഞുവീണത്. മോഹിതിന്റെ സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.










0 comments