'സദാചാര പൊലീസിങ് മാന്യമായും മര്യാദയായും ചെയ്യാമായിരുന്നു'; വിചിത്ര വാദവുമായി ബിജെപി മന്ത്രി

പട്ന: ബിഹാറിലെ ജാമുയിയിൽ പത്താംക്ലാസ് വിദ്യാർഥികൾ നടുറോഡിൽ തടഞ്ഞുനിർത്തി അക്രമത്തിരയായ സംഭവത്തിൽ വിചിത്ര വാദവുമായി ബിജെപി മന്ത്രി ശ്രേയസി സിങ്. സദാചാര പൊലീസിങ് മാന്യമായും മര്യാദയോടും ചെയ്യാമായിരുന്നു എന്നാണ് ജാമുയി എംഎൽഎ കൂടിയായ മന്ത്രി പ്രതികരിച്ചത്. ഇന്ത്യ ടുഡേ ടിവിയിൽ സംസാരിക്കവെയാണ് ശ്രേയസി സിങ് വിവാദ പരാമർശം നടത്തിയത്.
മറ്റൊരു മന്ത്രി സംഭവത്തെ നിസാരവൽകരിച്ചും രംഗത്തെത്തിയിരുന്നു. വിദ്യാർഥിയെ തടഞ്ഞുനിർത്തി അക്രമിച്ചതിനെ ‘ഒറ്റപ്പെട്ട സംഭവം' എന്നാണ് മന്ത്രി ശ്രാവൺ കുമാർ പറഞ്ഞത്. ‘ലോകത്ത് കുറ്റകൃത്യങ്ങൾ അവസാനിച്ചിട്ടില്ല. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ സാധാരണയാണ്’– എന്നും മന്ത്രി ശ്രാവൺ കുമാർ പറഞ്ഞു.
സെപ്റ്റംബർ 19-നാണ് ജാമുയിയിൽ ഒരുമിച്ച് സഞ്ചരിച്ച ആൺകുട്ടിയെയും പെൺകുട്ടിയെയും റോഡരികിൽ തടഞ്ഞുവെച്ച് ഒരു സംഘം ആക്രമിച്ചത്. സംഭവം നടന്നിട്ടും വീഡിയോ പ്രചരിച്ചപ്പോൾ മാത്രമാണ് സർക്കാർ സംവിധാനങ്ങൾ അനങ്ങിയതെന്ന് വിമർശനം ഉയർന്നിരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പൊതുനിരത്തിലെ സ്‌ത്രീകളുടെ സുരക്ഷയേക്കുറിച്ച് വലിയ ആശങ്കസൃഷ്‌ടിക്കുന്നതാണ് സംഭവം. പോകാൻ അനുവദിക്കണമെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി അപേക്ഷിക്കുന്നതും, ഒപ്പമുണ്ടായിരുന്ന ആൺകുട്ടിയെ ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.









0 comments