'ഡിഎംകെ സർക്കാർ വീണ്ടും അധികാരത്തിൽ വരും'; സ്റ്റാലിനെ സന്ദർശിച്ച് ഒ പനീർസെൽവം

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഡിഎംകെ സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് മുൻ മുഖ്യമന്ത്രിയും ഐഎഡിഎംകെ നേതാവുമായിരുന്ന ഒ പനീർസെൽവം. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദർശിച്ച ശേഷമാണ് പ്രതികരണം. കഴിഞ്ഞ അഞ്ച് വർഷത്തെ വിജയകരവും മികച്ചതുമായ ഭരണത്തിന് സ്റ്റാലിനെ അഭിനന്ദിച്ചെന്നും പനീർസെൽവം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പനീർസെൽവത്തിന്റെ ചുവടുമാറ്റം. സന്ദർശനത്തെ സംബന്ധിച്ച് ഡിഎംകെയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. 2022-ലാണ് ഐഎഡിഎംകെ പാർടിയിൽ നിന്നും പനീർസെൽവത്തെ പുറത്താക്കിയത്.
അതേസമയം അന്തരിച്ച പ്രമുഖതാരം വിജയ്‍കാന്തിന്റെ പാര്‍ടിയായ ഡിഎംഡികെ, തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യത്തിനൊപ്പം മത്സരിക്കും. കഴിഞ്ഞ ദിവസം വിജയ്‍കാന്തിന്റെ ഭാര്യയും പാര്‍ടി ജനറൽ സെക്രട്ടറിയുമായ പ്രേമലത വിജയകാന്ത് ചെന്നൈയിൽ ഡിഎംകെ ആസ്ഥാനത്ത് എത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ടിരുന്നു. ഡിഎംഡികെയ്‍ക്ക് രാജ്യസഭാ സീറ്റ് നൽകിയേക്കും.
2005രൂപീകരിച്ചശേഷം ആദ്യമായാണ് ഡിഎംഡികെ ഡിഎംകെ സഖ്യത്തിനൊപ്പം ചേരുന്നത്. മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് പിന്നീട് തീരുമാനമുണ്ടാകുമെന്ന് പ്രേമലത പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും 200ലേറെ സീറ്റ്നേടി ഡിഎംകെ സഖ്യം ഭരണത്തുടര്‍ച്ചനേടുമെന്നും പ്രേമലത പറഞ്ഞു.










0 comments