ഭയന്ന് വിറച്ച് 56 ഇഞ്ചും ഡബിൾ എഞ്ചിനും; അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിയന്ത്രണം

ന്യൂഡൽഹി: കൊട്ടിഘോഷിച്ച ഡബിൾ എഞ്ചിനും 56 ഇഞ്ചുമെല്ലാം ഭയന്ന് വിറയ്ക്കുകയാണ്. ഒക്ടോബർ പത്തിന് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭം തങ്ങളുടെ കൗണ്ട് ഡൗൺ ആകുമെന്ന് കേന്ദ്രസർക്കാർ ഭയപ്പെട്ട് തുടങ്ങി. വോട്ടവകാശം അട്ടിമറിച്ച മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി നടക്കുന്ന പ്രക്ഷോഭം തടയാൻ അടിയന്തരാവസ്ഥയെ വെല്ലുന്ന നിയന്ത്രണങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. ഭരണഘടനാ അവകാശങ്ങളെ കശാപ്പുചെയ്‌തിന് എതിരെ നടക്കുന്ന പ്രതിഷേധം എങ്ങനെയെങ്കിലും തടയാനാണ് ശ്രമം.
ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൽ പ്രതിഷേധിക്കാൻ രാജ്യമൊന്നാകെ ഡൽഹിയിലേക്ക് ഇരച്ചെത്തുമെന്ന് അറിഞ്ഞതോടെയാണ് സർവ്വ സന്നാഹങ്ങളും ഒരുക്കി പ്രക്ഷോഭത്തെ തടയാൻ ശ്രമിക്കുന്നത്. ജനരോഷത്തെ മോദിയും സംഘവും അത്രയധികം ഭയപ്പെടുന്നു എന്ന് തെളിയിക്കുന്ന സാഹചര്യമാണിത്.
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി നടക്കുന്ന പ്രക്ഷോഭം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണം| ഫോട്ടോ: പി വി സുജിത്ത്
'56 ഇഞ്ചിന്' പുറത്തിറങ്ങാൻ പോലും പേടി
വിദ്യാർഥികളും യുവജനങ്ങളും കർഷകരും രാഷ്ട്രീയ നേതാക്കളും എംപിമാരും അടക്കം രാജ്യത്തെ ജനങ്ങളാകെ ഡൽഹിയിലേക്ക് ഇരച്ചെത്തിയപ്പോൾ പുറത്തിറങ്ങാൻ പോലും പേടിച്ച് മോദിയും അമിത് ഷായും ഭയന്നിരിക്കുകയാണ്. എന്തെല്ലാം എതിർപ്പുകൾ എവിടെ നിന്നെല്ലാം ഉയർന്നാലും തന്നെ തടുത്തുനിർത്താൻ കഴിയില്ലെന്ന് വീരവാദം മുഴക്കുന്ന മോദി, സർവ്വ സന്നാഹവും ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്.
മാധ്യമങ്ങളെ കാണാൻ പേടിയും പാർലമെന്റിൽ വരാതെ ഒളിച്ചോടുകയും ചെയ്ത മോദി, സാധാരണ ജനങ്ങളെ പോലും ഭയക്കുകയാണ്. പ്രക്ഷോഭത്തെ തടയാനെന്ന പേരിൽ അന്യായമായ കസ്റ്റഡികളാണ് നടക്കുന്നത്. ഡൽഹി, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമവിരുദ്ധ വീട്ടുതടങ്കലുകൾ തുടരുകയാണ്.
എല്ലാം അടച്ച് പൂട്ടി
പ്രതിഷേധത്തെ ഭയന്ന് എല്ലാം അടച്ച് കേന്ദ്രസർക്കാർ പൂട്ടുകയാണ്. ശനിയാഴ്ച ഡൽഹിയിലേക്കും ഹസ്രത്ത് നിസാമുദ്ദീനിലേക്കുമുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയതും ഡൽഹിയിലെ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ചതും ഇതിന്റെ ഭാഗമാണ്. രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, ന്യൂഡൽഹി, പട്ടേൽ ചൗക്ക്, ജൻപഥ്, മാണ്ഡി ഹൗസ്, ബരാഖംബ റോഡ്, ഐടിഒ (ITO), ഡൽഹി ഗേറ്റ്, ഖാൻ മാർക്കറ്റ്, ലോക് കല്യാൺ മാർഗ്, ഉദ്യോഗ് ഭവൻ, കാശ്മീരി ഗേറ്റ്, ഹൗസ് ഖാസ്, ഐഎൻഎ (INA), ലജ്പത് നഗർ എന്നിവയാണ് അടച്ചിടുന്ന പ്രധാന സ്റ്റേഷനുകൾ. ജന്തർ മന്തറിലെ പ്രതിഷേധ വേദിയിലേക്ക് പ്രവർത്തകർ എത്താൻ സാധ്യതയുള്ള എല്ലാ മെട്രോ സ്റ്റേഷനുകളുമാണ് അടക്കുന്നത്. ഇവിടേക്കുള്ള റോഡുകളും അടച്ചു. കടുത്ത ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷയല്ല, നിയന്ത്രണം
പ്രതിഷേധത്തിനെത്തുന്നവരെ തടയാനും ജന്തർ മന്തറിലേക്കുള്ള പ്രവേശനം വിലക്കാനുമായി 23,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ഡൽഹി പൊലീസിനു പുറമെ സായുധ പൊലീസ് സേന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ഒക്ടോബർ എട്ട് മുതൽ 12 വരെയുള്ള കാലയളവിൽ കൂടുതൽ സിഎപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. സിആർപിഎഫ്, എസ്എസ്ബി, ഐറ്റിബിപി, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് എന്നിവരെയും സ്ഥലത്ത് അധികമായി വിന്യസിച്ചിട്ടുണ്ട്.
വഴിയടച്ച് കേന്ദ്രം
ജന്തർമന്തറിലേക്കെത്താനുള്ള വഴികളെല്ലാം ബാരിക്കേഡുകൾ വച്ച് അടച്ചുപൂട്ടുകയാണ് കേന്ദ്രം. കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്നത്. ജൻപഥിൽ നിന്നും ജന്തർ മന്തറിലേക്ക് പോകാനുള്ള റോഡുകൾ അടച്ചുപൂട്ടി. രണ്ട് വരി ബാരിക്കേഡുകൾ വച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. ആളുകളെ നിരീക്ഷിക്കാനും ജന്തർ മന്തറിലേക്കുള്ള പ്രതിഷേധക്കാരുടെ പ്രവേശനം തടയാനും ആയിരത്തോളം പൊലീസുകാരെയുമാണ് ജൻപഥിൽ മാത്രം വിന്യസിച്ചിരിക്കുന്നത്. വിദ്യാർഥികളെയും പ്രക്ഷോഭകരെയും അറസ്റ്റ് ചെയ്ത് നീക്കാനായി നൂറുകണക്കിന് ബസുകളാണ് പ്രദേശത്ത് നിർത്തിയിട്ടിരിക്കുന്നത്.
മുഖം നോക്കി നടപടി
സുരക്ഷയുടെ പേരിൽ പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിൽ സിസിടിവി, ഫേസ് റെക്കഗനിഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. കൺട്രോൾ റൂമിലിരുന്ന് സിസിടിവി ക്യാമറകൾ വഴി നിരീക്ഷണം നടത്തുമെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് നടന്ന ജന്തർമന്തർ പ്രതിഷധത്തിൽ പങ്കെടുത്തവർക്കെതിരെ ഫേഷ്യൽ റെക്കഗനിഷനിലൂടെ കടുത്ത നടപടികൾ കേന്ദ്രം സ്വീകരിച്ചിരുന്നു. സർക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാട്ടിയ പ്രതിഷേധക്കാരെ നോട്ടമിട്ട് പിന്തുടർന്ന് വേട്ടയാടുകയാണ് ലക്ഷ്യം.അയൽ സംസ്ഥാന അതിർത്തികളിലും സുരക്ഷയും നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുകയാണ്.
ഇടത് നേതാക്കൾ നിരീക്ഷണത്തിൽ
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെ് പ്രതിഷേധത്തിനിറങ്ങിയ ഇടതുപക്ഷ സംഘടനകളുടെ നേതാക്കളെ പ്രത്യേകം നിരീക്ഷിക്കുകയാണ് കേന്ദ്രം. സിപിഐ എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെ തേടി അവരുടെ വീടുകളിലും ഡൽഹിയിലെ സംഘടനാ ഓഫീസുകളിലും ഡൽഹി പൊലീസ് കയറിയിറങ്ങുകയാണ്. അടിയന്തരാവസ്ഥയ്ക്ക് സമാന സാഹചര്യമനാണ് ഡൽഹിയിലുള്ളത്. പ്രതിഷേധിക്കുന്നവരെയും കൂട്ടം കൂടുന്നവർക്കുമെതിരെ കടുത്ത നടപടികൾ സ്വീകരിക്കുകയാണ് പൊലീസ്.









0 comments