print edition രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കമന്റിട്ടു; പൊലീസ് പകർത്തിയ ചിത്രം ദുരുപയോഗിച്ച് യുവാവിനെതിരെ അപവാദ പ്രചാരണം

ആലപ്പുഴ : സമൂഹമാധ്യമത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കമന്റിട്ടതിന്റെ വൈരാഗ്യത്തിൽ അപവാദപ്രചാരണമെന്ന് യുവാവിന്റെ പരാതി. രാഹുലിന്റെ അനുയായികൾ പൊലീസിന്റെ സഹായത്തോടെയാണ് അപവാദം പ്രചരിപ്പിക്കുന്നതെന്ന് മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി അരുൺ ശിവൻകുട്ടി പറഞ്ഞു.
രാഹുലിന്റെ പരാതിയിൽ അന്വേഷിക്കാനെത്തിയപ്പോൾ വീട്ടിൽനിന്ന് പൊലീസെടുത്ത ചിത്രമാണ് ഉപയോഗിക്കുന്നത്. ഇതിനെതിരെയും അപവാദ പ്രചാരണത്തിനെതിരെയും പരാതി നൽകിയിട്ടും കേസെടുത്തില്ല. രാഹു ൽ പത്തനംതിട്ട സൈബർ പൊലീസിലാണ് അരുണിനെതിരെ പരാതി നൽകിയത്. അപകടത്തിൽ പരിക്കേറ്റ് വീട്ടിൽ വിശ്രമിക്കവേ ജൂൺ 17ന് രാത്രി വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ലുങ്കി മാത്രം ധരിച്ച ചിത്രമെടുത്തു. ഫോൺ പിടിച്ചുവാങ്ങിയശേഷം പത്തനംതിട്ട സൈബർ സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിച്ചു.
‘പൊലീസെടുത്ത ചിത്രം ലഭിച്ചിട്ടുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും’ രാഹുൽ അനുയായികൾ സമൂഹ മാധ്യമങ്ങളിൽ രണ്ടുമാസംമുൻപ് ഭീഷണി മുഴക്കിയിരുന്നു. ചൊവ്വാഴ്‌ചയാണ് ഫോട്ടോ ഉപയോഗിച്ച് അപവാദ പ്രചാരണം ആരംഭിച്ചത്. ബുധനാഴ്‌ച ഡിജിപിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. മാവേലിക്കരസ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ല. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ടെന്നും അരുൺ പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം എസ് അരുൺകുമാർ എംഎൽഎ, സെക്രട്ടറി ജയിംസ് ശമുവേൽ, സംസ്ഥാന കമ്മിറ്റിയംഗം സി ശ്യാംകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments