ad
Deshabhimani

പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെ‌ട്ട് യുവാവിനെ കാണാതായി; ഇന്ന് തെരച്ചിൽ പുനരാരംഭിക്കും

missing

ഷിബ്‌ലി റഹ്മാന്‍

വെബ് ഡെസ്ക്

Published on Jun 28, 2026, 08:05 AM | 1 min read

കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് മലപ്പുറം സ്വദേശിയെ കാണാതായി. ബംഗളൂരുവിൽ നിന്നും എത്തിയ 12 അംഗ വിനോദസഞ്ചാര സംഘത്തിലെ നാലു പേരാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. ഇതിൽ മൂന്നു ബംഗളൂരു സ്വദേശികളെ രക്ഷപ്പെടുത്തി. ഇവരുടെ ഗൈഡായിരുന്ന മലപ്പുറം കീഴ്ശേരി വട്ടോളി കണ്ണംകുത്ത് ഷിബ്‌ലി റഹ്മാനെ(25) ആണ് കാണാതായത്. ആനക്കാംപൊയിൽ കണ്ടപ്പൻചാൽ തൂക്കുപാലത്തിനടിയിലാണ് സംഘം കുളിക്കാൻ ഇറങ്ങിയത്.


പുഴയിലും പരിസരത്തും തെളിഞ്ഞ കാലാവസ്ഥയും വെയിലും ആയിരുന്നെങ്കിലും വനമേഖലയിൽ മഴപെയ്തതോടെ ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ ഉണ്ടായി. തുടര്‍ന്ന് ഒഴുക്കിൽപ്പെട്ട ബംഗളൂരു സ്വദേശികളായ നിഖിത(24), പ്രണിൽ(22), കിഷോർ(22) എന്നിവരെ പ്രദേശവാസികളും മുക്കത്ത് നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നടത്തിയ അടിയന്തര തെരച്ചിൽ രക്ഷപ്പെടുത്തി. ഇവർ ഒഴുക്കിൽപ്പെട്ടത് കണ്ടാണ് ഗൈഡ് ആയെത്തിയ ഷിബ്‌ലി പുഴയിൽ ചാടിയത്.


കാണാതായ ഷിബിലിനു വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും പ്രദേശത്തെ മഴയും ഇരുട്ടും തെരച്ചിലിന് വെല്ലുവിളിയായി. ഇതോടെ നിർത്തിവെച്ച തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കും. പതങ്കയത്ത് പുഴയിൽ ഇറങ്ങുന്നതിന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ മുന്നറിയിപ്പ് മറികടന്നാണ് പുഴയുടെ മറ്റു സ്ഥലങ്ങളിലൂടെ വിനോദസഞ്ചാരികൾ പുഴയിൽ ഇറങ്ങുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home