ad
Deshabhimani

തമ്മിലടിക്കാൻ യൂത്ത് കോൺഗ്രസ്; തവനൂരിൽ ലീഗുമായുള്ള സീറ്റ് വച്ചുമാറ്റത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്

Youth congress.jpg
വെബ് ഡെസ്ക്

Published on Feb 07, 2026, 10:39 AM | 1 min read

മലപ്പുറം: തവനൂർ നിയമസഭാ സീറ്റ് മുസ്ലിം ലീഗിന് വിട്ടുകൊടുക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി രംഗത്ത്. കോൺഗ്രസിന്റെ നാല് സീറ്റുകളിൽ ഒന്ന് നഷ്ടപ്പെടുത്തിയാൽ അതിന് കാലം കണക്ക് ചോദിക്കാതെ കടന്നുപോകില്ലെന്ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ ഫേസ്ബുക്കിൽ കുറിച്ചു.


മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽ 12 എണ്ണത്തിൽ ലീഗും നാലെണ്ണത്തിൽ മാത്രമാണ് കോൺഗ്രസും മത്സരിക്കുന്നത്. കെ കേളപ്പജിയുടെയും കോൺഗ്രസിന്റെയും ചരിത്രമുറങ്ങുന്ന മണ്ണാണ് തവനൂർ.


ജാതിമത ചിന്തകൾക്ക് അതീതമായ മതേതര ആശയം ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് മലപ്പുറത്ത് വീണ്ടും ചുരുങ്ങിപ്പോകുന്നത് ഗുണകരമാകില്ലെന്നും നേതൃത്വം ഗൗരവമായി ആലോചിക്കണമെന്നും ഹാരിസ് മുദൂർ ആവശ്യപ്പെട്ടു.


യുഡിഎഫിന്റെ കെട്ടുറപ്പിനായാണ് കൂടുതൽ സീറ്റുകൾ ചോദിക്കാത്തത്. നിലമ്പൂർ, വണ്ടൂർ, പൊന്നാനി എന്നിവയ്‌ക്കൊപ്പം തവനൂർ സീറ്റും കോൺഗ്രസിന്റെ അഭിമാനമാണ്. അത് വച്ചുമാറുന്നത് ജില്ലയിലെ മതേതര രാഷ്ട്രീയത്തിന് വലിയ തിരിച്ചടിയാകും.


ഈ തീരുമാനത്തിൽ നിന്ന് നേതൃത്വം പിന്മാറണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. സീറ്റ് വിഭജന ചർച്ചകളിൽ തവനൂർ ലീഗിന് നൽകി പകരം മറ്റൊരു സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കമാണ് ഇപ്പോൾ വൻ വിവാദമായിരിക്കുന്നത്.


വിഷയത്തിൽ പാർട്ടിക്കുള്ളിൽ ചർച്ച ഉയരാതെ പൊതുമധ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചത് വലിയ വിവാദങ്ങളിലേക്കാണ് നയിക്കുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home