ബീഫ് ഫ്രൈ വാങ്ങിത്തരണമെന്ന ആവശ്യം നിരസിച്ചു; കോഴിക്കോട് യുവാക്കൾ തമ്മിൽ സംഘർഷം

നടക്കാവ്: കോഴിക്കോട് നടക്കാവിൽ ഒരു ഹോട്ടലിൽ വെച്ച് ബീഫ് ഫ്രൈയുമായി ബന്ധപ്പെട്ട തർക്കം യുവാക്കൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു. ഹോട്ടലിലെത്തിയ ഒരു സംഘം യുവാക്കൾ, പിന്നാലെ എത്തിയ മറ്റൊരു സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നൽകാൻ ആവശ്യപ്പെട്ടതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ഹോട്ടലിൽ ആദ്യമെത്തിയ സംഘം പിന്നീട് വന്ന സംഘത്തോട് ബീഫ് ഫ്രൈ വാങ്ങിത്തരാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം രണ്ടാമത്തെ സംഘം നിരസിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാർ രണ്ട് കൂട്ടരോടും ഹോട്ടലിൽ നിന്ന് പുറത്തുപോകാൻ നിർദേശിച്ചു.
തുടർന്ന് റോഡിലിറങ്ങി വീണ്ടും ഇവർ തർക്കം തുടുങ്ങുകയും ഇത് കൈയാങ്കളിയിലെത്തുകയും ചെയ്തു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും സംഘർഷാവസ്ഥ തുടർന്നു. ഇതിനിടെ സംഘത്തിൽ ഉണ്ടായിരുന്ന ഒരു യുവാവ് ബോധരഹിതനായി വീഴുകയും പൊലീസ് ആംബുലൻസിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തെത്തുടർന്ന് നടക്കാവിൽ ഏകദേശം അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. നിലവിൽ സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.










0 comments