ad
Deshabhimani

ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 36 ലക്ഷത്തിലധികം; യുവാവ് അറസ്റ്റിൽ

Youth arrested

മുഹമ്മദ് ഫായിസ്

വെബ് ഡെസ്ക്

Published on Jun 29, 2025, 08:17 PM | 1 min read

കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സംഘത്തിൽ ഉൾപ്പെട്ട യുവാവ് സൈബർ പൊലീസിന്റെ പിടിയിലായി. പാലക്കാട് പട്ടാമ്പി കൊടുമുണ്ട വെളുത്തേടത്ത് തൊടിഹൗസിൽ മുഹമ്മദ് ഫായിസ് (25) ആണ് പിടിയിലായത്. കൊല്ലം സ്വദേശിയുടെ വാട്‌സാപ്പിൽ പാർട് ടൈമായി ജോലിചെയ്ത് മികച്ച വരുമാനം നേടാമെന്നുള്ള സന്ദേശമയച്ച് വിശ്വസിപ്പിച്ച ശേഷം ഫീനിക്സ് മിൽ ലിമിറ്റഡ് എന്ന ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കുകയായിരുന്നു.


കെട്ടിടങ്ങൾക്ക് സ്റ്റാർവാല്യു കൂട്ടി നൽകുന്ന ഓൺലൈൻ പാർട്ട് ടൈം ജോലിയാണെന്നും കൂടുതൽ ലാഭമുണ്ടാക്കാമെന്നും നിർദേശിക്കുന്ന വിവിധ ടാസ്‌ക്കുകൾ പൂർത്തിയാക്കണമെന്നും വിശ്വസിപ്പിച്ചു. പിന്നീട് ടാസ്‌ക്കുകൾക്കായി പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ഓരോ ടാസ്‌ക് പൂർത്തിയാക്കുമ്പോഴും അധികം ലാഭം കിട്ടിയതായി കാണിച്ച് കൂടുതൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചു. സംഘത്തിന്റെ വാഗ്ദാനം വിശ്വസിച്ച യുവാവ് പല തവണയായി 36 ലക്ഷത്തിലധികം രൂപയാണ് നിക്ഷേപിച്ചത്. പിന്നീട് നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കൊല്ലം സിറ്റി സൈബർ പൊലീസിനെ സമീപിക്കുന്നത്.


അന്വേഷണത്തിൽ യുവാവിൽനിന്ന് തട്ടിയെടുത്ത പണത്തിന്റെ ഒരുപങ്ക് മുഹമ്മദ് ഫായിസിന്റെ അക്കൗണ്ടിലും എത്തിയതായി കണ്ടെത്തി. പണം ബാങ്കിൽനിന്ന് പിൻവലിച്ച് തട്ടിപ്പു സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്ക് കൈമാറിയത് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. കൊല്ലം സിറ്റി ഡിസിആർബി അസിസ്റ്റന്റ് പൊലീസ് കമീഷണർ എ നസീറിന്റെ നേതൃത്വത്തിൽ സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൽ മനാഫ്, എസ്ഐമാരായ ഗോപകുമാർ, നന്ദകുമാർ, നിയാസ്, സിപിഒമാരായ ജോസ് ജോൺസൺ, അബ്ദുൾ ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home