കെവിൻ കൊലക്കേസിൽ കോടതി വെറുതെ വിട്ട യുവാവ് മരിച്ച നിലയിൽ

കോട്ടയം: കെവിൻ കൊലക്കേസിൽ കോടതി വെറുതെ വിട്ട യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ ചെമ്മന്തൂർ പ്ലാവിളക്കുഴിയിൽ വീട്ടിൽ എൻ ഷിനുമോനാ(29)ണ് മരിച്ചത്. ശനിയാഴ്ച രാവിലെ പുനലൂർ കോളേജ് ജംഗ്‌ഷനിൽ ഷിനു താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപത്തെ തോട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
2018- ൽ കോളിളക്കം സൃഷ്ടിച്ച പുനലൂരിലെ കെവിൻ കൊലക്കേസിൽ ഷിനുമോൻ പ്രതി ചേർക്കപ്പെടുകയും വിചാരണക്കൊടുവിൽ കോടതി വെറുതെവിടുകയും ചെയ്തിരുന്നു. എന്നാൽ ഇയാളുടെ മൂത്ത സഹോദരൻ ഷാനു ഈ കേസിൽ പരോളിലാണ്. തോടിനോടു ചേർന്നുള്ള മൂന്നുനില ഫ്ലാറ്റിലാണ് ഷിനു താമസിച്ചിരുന്നത്. ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണതാകാം എന്നാണ് പൊലീസ് നിഗമനം. ഫ്ലാറ്റിന് മുകളിൽ നിന്ന് മദ്യക്കുപ്പികളും, ഷിനു ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും പൊലീസ് കണ്ടെത്തി. മൃതദേഹത്തിൽ പലയിടത്തും മുറിവേറ്റ പാടുകളുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പൊലീസ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.









0 comments