print edition എഴുത്തുപണിക്കാരൻ

സിന്ധു പ്രദീപ്
Published on Oct 04, 2026, 01:59 AM | 3 min read
കണ്ണൂർ ജില്ലയിലെ പ്രമുഖ വായനശാലകളിലൊന്നായ പൂപ്പറമ്പ് സിആർസി ഗ്രന്ഥാലയം മാസങ്ങൾക്കു മുമ്പ് കേരളത്തിലെ പ്രമുഖരായ 10 എഴുത്തുകാരുടെ പുസ്തകം ചർച്ച ചെയ്തപ്പോൾ പതിനൊന്നാമതായി ‘ഒറ്റപ്പെടുന്നവർ’ എന്ന കഥാസമാഹാരവും ചർച്ച ചെയ്‌തു. അതൊരു കൂലിപ്പണിക്കാരൻ എഴുതിയ പുസ്‌തകമായിരുന്നു. ശ്രീകണ്‌ഠപുരം സ്വദേശി കൃഷ്‌ണൻ ആവണക്കോൽ എന്ന ഗ്രാമീണന് എഴുതാനുള്ളതെല്ലാം ലഭിക്കുന്നത് ചുറ്റുമുള്ള ജീവിതപരിസരങ്ങളിൽനിന്നാണ്. മരം കയറുന്പോഴും കല്ലുകെട്ടുന്പോഴും പൊരിവെയിലത്തും പേമാരിയിലും ജീവിതം നട്ടുനനയ്‌ക്കുന്പോഴും കൃഷ്‌ണന്റെ ഉള്ളിൽ പൂവുപോലെ കവിത വിരിയും. കഥയും കഥാപാത്രങ്ങളും നാടകവുമെല്ലാം ചുറ്റും നിറയും. ഗ്രാമവിശുദ്ധിയുടെ പൂവരന്പുകളിൽനിന്നാണ് നെല്ലിൻതണ്ടു മണക്കുന്ന അക്ഷരവിത്തുകൾ കൃഷ്‌ണൻ പെറുക്കിയെടുക്കുന്നത്. ഉള്ളുലഞ്ഞു കുതിരുന്പോൾ അവയിൽ സർഗാത്മകതയുടെ മുളപൊട്ടുന്നു. അപ്പോൾ ചെത്തിയിറക്കിയ ഇളംകരിക്കുപോൽ കൃഷ്‌ണൻ അത് പകർത്തിവയ്‌ക്കുന്നു. പറന്പു കിളയ്‌ക്കാനെത്തുന്ന ആൾ എഴുത്തുകാരനും നാടകനടനും സാമൂഹ്യപ്രവർത്തകനുമെല്ലാമാണെന്ന് തിരിച്ചറിയുന്ന നാട്ടുകാർക്കും ഏറെ സന്തോഷം.
എഴുത്തുകാരനും നടനുമെല്ലാം ഉള്ളിലുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞ വേള
സത്യം പറഞ്ഞാൽ അങ്ങനെയൊരു തിരിച്ചറിവ് ഒരിക്കലും ഉണ്ടായിട്ടില്ല. എഴുത്ത് ഒരു നിമിത്തമായിട്ടാണ് ഞാൻ കാണുന്നത്. കോവിഡിന് നാലുവർഷം മുന്പേ ആവണക്കോൽ പൊതുജന വായനശാല നാട്ടിലെ കലാകാരന്മാരെ ഒരുമിച്ചുകൂട്ടാൻ കലാവേദി രൂപീകരിച്ചു. നാടകങ്ങളും മറ്റു കലാപരിപാടികളും പല വേദികളിലും അവതരിപ്പിച്ചു. അതുവരെ ഒരു പരിപാടിയിലും പങ്കെടുക്കാതിരുന്ന എന്നെയും അവർ അഭിനയം പഠിപ്പിച്ചു. പത്തോളം ചെറുതും വലുതുമായ കഥാപാത്രങ്ങൾ തന്നു. നാലുവർഷം നാടകവുമായി കടന്നുപോയി. കോവിഡ് ഉറഞ്ഞുതുള്ളിയതോടെ ക്യാമ്പ് കണ്ണടച്ചു. മനസ്സ് ഇരുൾ നിറഞ്ഞു. പരസ്പരം അകലം പാലിച്ചു നടന്ന ആ ദിവസങ്ങളിൽ ഒരിക്കലും പ്രതീക്ഷിക്കാതെ കടന്നുവന്നതാണ് എഴുത്ത്. പല പ്രാവശ്യം എഴുതി കളഞ്ഞു. നീണ്ടുകിടക്കുന്ന പാടവരമ്പും പണിക്കാരും അവർക്കൊക്കെ ഓരോ പേരും കൊയ്ത്തും പാട്ടുമൊക്കെയായി കഥ മുന്നോട്ട് പോയി. ആദ്യമായി എഴുതിയ 195 പേജുള്ള ‘പാടവരമ്പിലൂടെ' എന്ന നോവൽ. ഒപ്പം കവിതയെഴുതാനും തുടങ്ങി. രണ്ടാമത്തെ നോവലാണ് ‘ഭാഗ്യത്തേരിൻ തുമ്പത്ത്'.
തൊഴിലാളി, എഴുത്തുകാരൻ എന്ന നിലയിൽ സാമൂഹ്യ–സാഹിത്യ രംഗത്തെ ഇടപെടലുകൾ
ചുറ്റും നടക്കുന്ന നെറികേടുകൾക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. നേര് എഴുതാൻ നേരെ നോക്കേണ്ട, നേര് പറയാൻ ആരെയും പേടിക്കേണ്ട. മുന്നിൽ നിൽക്കുന്ന ആളുടെ വലിപ്പവും നോക്കേണ്ട, പറയുന്ന വാക്കുകൾ നേരായിരിക്കണം. മനസ്സു മരവിച്ച കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഇത്തരം അവസരങ്ങളിലെല്ലാം കവിതകളിലൂടെയും കഥകളിലൂടെയും പ്രതികരിച്ചിട്ടുണ്ട്.
എഴുത്തും തൊഴിലും ഒന്നിച്ചുകൊണ്ടുപോകുമ്പോഴുള്ള ബുദ്ധിമുട്ടുകൾ
എഴുതാൻ തുടങ്ങിയ അന്നുമുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈ വാക്കുകൾ. മഴയും പൊരിവെയിലുംകൊണ്ട് അവശനായി വീട്ടിൽ വന്നാൽ ചോറും കഴിച്ചു കിടന്ന് രാവിലെ വീണ്ടും പണിക്ക് പോകുന്നതല്ലേ. കഥയും കവിതയുമൊക്കെ നീ എപ്പോഴാ എഴുതുന്നത്. കഥയുടെയും കവിതയുടെയും ആശയം എപ്പോഴാ വരുന്നത് എന്നൊക്കെ ചോദിക്കും. മരത്തിന്റെ മുകളിൽനിന്നും പുഴക്കരയിൽനിന്നും തെങ്ങിൻചുവട്ടിൽനിന്നുമെല്ലാം കഥയുടെയും കവിതയുടെയും തുമ്പു കിട്ടും. പിന്നെ അതിൽ പിടിച്ചു കയറും. ബുദ്ധിമുട്ടുകൾ കുറച്ചൊക്കെ ഉണ്ടാകും. എന്ത് കാര്യം ചെയ്യുമ്പോഴും അതിന്റേതായ വിഷമങ്ങൾ കാണും. ഉള്ള തുച്ഛമായ സമയം ടിവി കണ്ടും മൊബൈൽ നോക്കിയും കളയാതെ കാര്യങ്ങൾ നീക്കുന്നു. അതുകൊണ്ട് എഴുത്ത് ഒരിക്കലും ബുദ്ധിമുട്ടിലാക്കിയിട്ടില്ല. ഭാര്യ സുനിതയും മക്കൾ അമൽ കൃഷ്ണനും അനഘകൃഷ്ണനും അടങ്ങുന്ന കുടുംബവും പിന്തുണയ്‌ക്കുന്നു.
ചെറുപ്പം, പഠനകാലം
ചെറുപ്പംതൊട്ടേ ഞാൻ അധികമാരോടും സംസാരിക്കാറില്ല. ആൾക്കാരുടെ ഇടയിൽ ചെല്ലാനും അവരുടെ മുഖത്ത് നോക്കാനുമൊക്കെ എനിക്ക് പേടിയാണ്. അതുകൊണ്ട് സ്കൂളിൽ നടക്കുന്ന പല പരിപാടിയിൽനിന്നും മാറിനിന്ന് കാണുക മാത്രമായിരുന്നു. കഥയും കവിതയും വായിക്കുന്നത് വല്ലപ്പോഴുംമാത്രം. നാടകാഭിനയം തുടങ്ങിയതുമുതൽ ആ സ്വഭാവം മാറി. ആൾക്കാരുടെ മുഖത്തേക്ക് നോക്കി സംസാരിക്കാനുള്ള ധൈര്യം കൈവന്നു. വെടിയുണ്ടയ്‌ക്കുമുന്നിൽ വിരിമാറുകാട്ടിയ ധീര രക്തസാക്ഷികൾ ഉറങ്ങുന്ന കാവുമ്പായിയുടെ വീരകഥകൾ കണ്ടും കേട്ടുമാണ് വളർന്നത്. ചെറുപ്പംതൊട്ടേ ഇടതുപക്ഷത്തിൽ ഇടനെഞ്ച് തൊട്ടു നടന്നു. അത് ഇപ്പോഴും തുടരുന്നു. എഴുത്തുകാരൻ എന്ന നിലയിൽ നാട്ടിലെ മിക്ക പ്രസ്ഥാനങ്ങളും അനുമോദിക്കാറുണ്ട്.
മറ്റു രംഗത്തെ ഇടപെടലുകൾ
ജനനന്മയ്ക്കായി പ്രവർത്തിക്കുന്ന ഒരുപാട് സംഘടനകൾ നാട്ടിലുണ്ട്. അതുമായൊക്കെ ചേർന്നുനിൽക്കുന്നു. ആവണക്കോൽ വായനശാലയും കലാവേദിയുമായി ചേർന്ന് ‘ലഹരിപ്പെയ്‌ത്ത്’ എന്ന ഏകപാത്ര നാടകമെഴുതി അവതരിപ്പിച്ചു. ഇതുകൂടാതെ സ്നേഹതീരം എന്ന സാമൂഹ്യ സംഗീത നാടകവും. നാട്ടിലെ നടന്മാർ അണിനിരന്നു. മൂന്നാമത്തെ നാടകം ‘വഴിക്കണ്ണുമായി’ പൂർത്തിയായി.
പ്രസിദ്ധീകരിച്ച സൃഷ്‌ടികൾ
കഥ, കവിത, നോവൽ, നാടകം, നുറുങ്ങു കഥ, കുട്ടിക്കഥ, ഭക്തിഗാനങ്ങൾ, നാടക ഗാനങ്ങൾ എന്നിങ്ങനെ എല്ലാംകൂടി മുന്നൂറിൽ കുറയാതെ കാണും. പക്ഷേ, പുസ്തകരൂപത്തിൽ പുറത്തുവന്നത് 36 കവിതകൾ അടങ്ങിയ ‘ഇവിടെ’ എന്ന സമാഹാരവും ‘ഒറ്റപ്പെടുന്നവർ’ എന്ന കഥാസമാഹാരവും. ഈ പുസ്തകങ്ങൾ ധാരാളം പേരിൽ എത്തിക്കാൻ കഴിഞ്ഞു. വായനക്കാരിൽനിന്ന് ലഭിച്ച നല്ല അഭിപ്രായം മനസ്സുമടുക്കാതെ മുന്നോട്ടു പോകാനുള്ള ശക്‌തി തരുന്നു. അങ്ങനെ ഒരു കൂലിപ്പണിക്കാരന്റെ സർഗരചന ജനങ്ങൾ അറിഞ്ഞു. നേരിട്ട് കാണാതെ, എഴുതിയ ആളുടെ തൊഴിൽ നോക്കാതെ അവയെ തളിർപ്പിക്കുന്ന വായനശാലകളും പ്രസ്ഥാനങ്ങളും ഒരുപാട് ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു.






0 comments