ad
Deshabhimani

ആരോഗ്യ മേഖലയിൽ ലോക ബാങ്ക് സഹായം; 3,400 കോടി രൂപയുടെ പദ്ധതിക്ക് അന്തിമാനുമതി

VEENA GEORGE
വെബ് ഡെസ്ക്

Published on Oct 27, 2025, 03:02 PM | 2 min read

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിൽ ലോക ബാങ്ക് സഹായത്തോടെ കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്ന 3,400 കോടിയോളം രൂപയുടെ (400 മില്യൺ യുഎസ് ഡോളർ) പദ്ധതിക്ക് ലോക ബാങ്ക് അന്തിമാനുമതി നൽകി. പദ്ധതിയുടെ 70 ശതമാനമായ 2400 കോടിയോളം രൂപ (280 മില്യൺ ഡോളർ) ലോക ബാങ്കും ബാക്കി സംസ്ഥാനവുമാണ് വഹിക്കുന്നത്. 2023ൽ പ്രാഥമിക അംഗീകാരം ലഭിച്ചതിനെ തുടർന്ന് കേരളം വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. തുടർന്ന് ലോക ബാങ്കുമായി നടത്തിയ ചർച്ചകൾക്ക് ശേഷം നടന്ന ലോക ബാങ്കിന്റെ ജനറൽ ബോഡിയാണ് അന്തിമ അംഗീകാരം നൽകിയത്. ആരോഗ്യ മേഖലയിൽ വലിയ വികസനമാണ് സാധ്യമാകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.


പ്രോ​ഗ്രാം ഫോർ റിസൾട്ട് (Programme for Results) മാതൃകയിൽ ആരോഗ്യ രംഗത്ത് വലിയ വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം ആവിഷ്‌ക്കരിച്ചത്. ഉയർന്ന ജീവിത നിലവാരം, ആയുർദൈർഘ്യം എന്നിവ ഉറപ്പ് വരുത്തുന്നതിനും, തടയാവുന്ന രോഗങ്ങൾ, അപകടങ്ങൾ, അകാല മരണം എന്നിവയിൽ നിന്ന് മുക്തമായ ജീവിതം കെട്ടിപ്പെടുക്കുന്നതിനും ജനങ്ങളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ ഉയർന്നുവരുന്ന ഭീഷണികളോട് ഫലപ്രദമായി പ്രതികരിക്കുന്നതിനും കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പദ്ധതി സഹായിക്കും.


പകർച്ചേതര വ്യാധികൾ തടയുന്നതിനായി സമഗ്രമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുക, സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മെച്ചപ്പെട്ട സമീപനങ്ങളിലൂടെയും ഉയർന്നുവരുന്ന ആരോഗ്യ ഭീഷണികളെ ചെറുക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുക, ആംബുലൻസും ട്രോമ രജിസ്ട്രിയും ഉൾപ്പെടെ 24x7 അടിയന്തര പരിചരണ സൗകര്യങ്ങളുടെ കാര്യക്ഷമമായ ഒരു ശൃംഖല സൃഷ്ടിച്ചുകൊണ്ട് എമർജൻസി, ട്രോമ കെയർ സേവനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയും ലക്ഷ്യമാണ്.


വയോജന സേവനങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കൂടി ഇടപെടൽ മുഖേന, നിലനിൽക്കുന്ന വെല്ലുവിളികളും ഉയർന്നു വരുന്ന പുതിയ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ആരോഗ്യ സംവിധാനങ്ങൾ പുനരാവിഷ്കരിക്കുക, മനുഷ്യവിഭവശേഷി ശക്തിപ്പെടുത്തുക; വിഭവശേഷി വർദ്ധിപ്പിക്കുക; ഡിജിറ്റൽ ഹെൽത്ത് ആപ്ലിക്കേഷനുകൾ സാർവത്രികമാക്കുകയും ആരോഗ്യത്തിനായി പൊതു ധനസഹായം വർദ്ധിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയും പദ്ധതിയിലൂടെ നടപ്പാക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് കാര്യക്ഷമമായ സേവനങ്ങൾ നൽകുന്നതിൽ പദ്ധതി ഊന്നൽ നൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home