രണ്ടാംനിലയിൽനിന്ന് വീണത് രക്ഷാകരങ്ങളിലേക്ക്; ചന്ദ്രിയെ കാത്തത് സഹതൊഴിലാളിയുടെ കരുതൽ

വീടിന്റെ രണ്ടാംനിലയിൽനിന്ന് തെന്നിവീണ ചന്ദ്രിയെ രഞ്ജിഷ് രക്ഷപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യം

സ്വന്തം ലേഖകൻ
Published on May 25, 2026, 08:33 AM | 1 min read
പാനൂർ (കണ്ണൂർ): മേൽക്കൂരയുടെ ഓട് മാറ്റുന്ന ജോലിക്കിടെ വീടിന്റെ രണ്ടാംനിലയിൽനിന്ന് കാലുതെന്നി വീണ സ്ത്രീത്തൊഴിലാളിയെ താഴെയുണ്ടായിരുന്ന സഹതൊഴിലാളി കൈകളിൽ കോരിപ്പിടിച്ച് രക്ഷപ്പെടുത്തി. കല്ലിക്കണ്ടി തൂവ്വക്കുന്നിൽ കല്ലുമ്മൽ പള്ളിക്കുസമീപം ശനിയാഴ്ച പകലാണ് സംഭവം.
വലിയപീടികയിൽ ഷൗക്കത്തിന്റെ വീടിനുമുകളിലെ ഓട് മാറ്റുന്നതിനിടെയാണ് കോഴിക്കോട് വളയം കല്ലുനിരയിൽ മാരാങ്കണ്ടിയിൽ ചന്ദ്രി(46) അപകടത്തിൽപ്പെട്ടത്. അയൽവാസികൂടിയായ മാരാങ്കണ്ടിയിൽ രഞ്ജിഷാണ് രക്ഷകനായത്.
രഞ്ജിഷ് താഴെനിന്ന് കപ്പിയും കയറും ഉപയോഗിച്ച് രണ്ടാം നിലയിലേക്ക് നൽകുന്ന ഓടുകൾ എടുത്തുവയ്‌ക്കുകയായിരുന്നു ചന്ദ്രി. അതിനിടെ കാൽതെന്നി വീഴുന്നതു കണ്ട രഞ്ജിഷ് തൽക്ഷണം ചന്ദ്രിയെ കൈവിരിച്ച് താങ്ങിപ്പിടിച്ച് തലയിടിക്കാതെ മറിച്ചിട്ടു.
രഞ്ജിഷിന്റെ മനസ്സാന്നിധ്യവും ഞൊടിയിടയിലുള്ള ഇടപെടലുമാണ് വലിയ അപകടത്തിൽനിന്ന് ചന്ദ്രിയെ രക്ഷിച്ചത്.










0 comments