മാവുങ്കാൽ മേൽപ്പാലത്തിന് മുകളിൽ നിന്ന് റബ്ബർ കട്ട തലയിൽ വീണ് യുവതിയ്ക്ക് ഗുരുതര പരിക്ക്

പ്രതീകാത്‌മക ചിത്രം
കാസർകോട് : മാവുങ്കാലിലെ ദേശീയപാത മേൽപ്പാലത്തിന് മുകളിൽ നിന്ന് റബ്ബർ കട്ട തലയിൽ വീണ് യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബല്ല അത്തിക്കൊത്തെ സിന്ധു(44)വിനാണ് പരിക്കേറ്റത്. സിന്ധുവിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. ഭർത്താവ് ഗണേശന്റെ ചാലിങ്കാലിലെ വീട്ടിൽ നിന്ന് 12വയസുള്ള മകൻ ഷംജിതിനൊപ്പം സ്വന്തം വീട്ടിലേക്ക് പോകാൻ മാവുങ്കാലിൽ ബസിറങ്ങി മേൽപ്പാലത്തിനടിയിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉയരത്തിൽ നിന്ന് റബ്ബർ കട്ട സിന്ധുവിന്റെ തലയിൽ വീഴുകയായിരുന്നു. ദേശീയപാതനിർമ്മാണ സാമഗ്രിയായ 40കിലോ ഭാരമുള്ള റബ്ബർ കട്ടയാണ് തലയിൽ വീണത്.
സിന്ധുവിന്റെ പല്ലുകൾ ഇളകുകയും കഴുത്തിനും ഷോൾഡറിനും അടക്കം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അർധ ബോധാവസ്ഥയിലായ സിന്ധുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ദേശീയ പാത നിർമാണ കമ്പനിയായ മേഘ കൺസ്ട്രക്ഷൻ അധികൃതർ ആശുപത്രിയിലെത്തി സിന്ധുവിന്റെ ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു.










0 comments