വനിതാ സംരംഭക കോൺക്ലേവ് 2025: ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരളത്തിലെ വനിതാ സംരംഭകരുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന 'കേരള വുമൺ ഓൺട്രപ്രെണേഴ്‌സ് കോൺക്ലേവ് 2025'-ന്റെ ലോഗോ വ്യവസായ മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു. ഒക്ടോബർ 13-ന് തൃശ്ശൂരിൽ വെച്ചാണ് കോൺക്ലേവ്.
സംസ്ഥാനത്ത് 'സംരംഭക വർഷം' പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31 ശതമാനം പേർ വനിതകളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ (MSME) സ്ത്രീകളുടെ പങ്കാളിത്തവും വളർച്ചയും ഉറപ്പുവരുത്തുന്നതിലാണ് കോൺക്ലേവ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആയിരത്തിലധികം വനിതാ സംരംഭകർ ഇതിൽ പങ്കെടുക്കും.
ലോകബാങ്കിന്റെ പിന്തുണയോടെ നടപ്പാക്കുന്ന റാംപ് (RAMP - Raising and Accelerating MSME Performance) പദ്ധതിയുടെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ MSMEകളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആഗോളതലത്തിൽ മത്സരക്ഷമമാക്കുകയാണ് റാംപ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കോൺക്ലേവിൽ സെമിനാറുകൾ, സംവാദം, ബാങ്കുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി ബന്ധപ്പെടാനുള്ള ഏകജാലക സംവിധാനം എന്നിവയുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ളവ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് വലിയ അവസരമാണ് ഒരുക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.










0 comments