ഹരിപ്പാട് വീട്ടുപടിക്കൽ വെച്ച് യുവതിക്ക് പാമ്പ് കടിയേറ്റു; അപകടനില തരണം ചെയ്തു

പ്രതീകാത്മക ചിത്രം
ഹരിപ്പാട്: വീട്ടുപടിക്കൽ വെച്ച് യുവതിക്ക് പാമ്പ് കടിയേറ്റു. വീട്ടുപടിക്കൽ വെച്ച് പാമ്പ് കടിയേറ്റ പള്ളിപ്പാട് സ്വദേശിനി അപകടനില തരണം ചെയ്തു. പള്ളിപ്പാട് സ്വദേശിനി സിന്ധു (40) വിനാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പാമ്പ് കടിയേറ്റത്. വീടിന്റെ ഗേറ്റ് അടയ്ക്കാൻ പോയ സമയത്താണ് അപകടം സംഭവിച്ചത്. അണലി വർഗത്തിൽപ്പെട്ട പാമ്പാണ് സിന്ധുവിനെ കടിച്ചത്.
ഉടൻതന്നെ ഇവരെ കരിയിലകുളങ്ങരയിലെ എൽമെക്സ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരുടെ വേഗത്തിലുള്ള ഇടപെടലും കൃത്യസമയത്ത് ആന്റി വെനം ലഭ്യമാക്കിയതും ജീവൻ രക്ഷിക്കാൻ സഹായകമായി. പത്ത് ഡോസ് ആന്റി വെനമാണ് സിന്ധുവിന് നൽകിയത്. നിലവിൽ ഇവർ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
സിന്ധു അപകടനില തരണം ചെയ്തതായും ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും ആശുപത്രി അധികൃതർ അറിയിച്ചു. രാത്രികാലങ്ങളിൽ പരിസരങ്ങളിൽ വെളിച്ചമില്ലാത്തതും പാമ്പുകളുടെ ശല്യം വർധിക്കുന്നതും പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
അതേസമയം കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് പാമ്പുകളെ കണ്ടെത്തി. കാപ്പുമ്മൽ രേമേശന്റെ വീട്ടിലാണ് പാമ്പുകളെ കണ്ടെത്തിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന ബെഡിനടിയിലാണ് ശംഖുവരയൻ പാമ്പുകളെ കണ്ടത്. ശുചിമുറിയിലും പാമ്പുകളെ കണ്ടെത്തിയാതായി പറയുന്നു.










0 comments