Deshabhimani

എന്താണ് സുഹൈലിനെ പാർപ്പിച്ച ബോസ്റ്റൽ സ്കൂൾ? ജുവനൈൽ ഹോമുകളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു; അറിയാം

BORSTAL SCHOOL THRIKKAKKARA
വെബ് ഡെസ്ക്

Published on Oct 13, 2026, 02:22 PM | 3 min read

മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച മിനികൂപ്പർ കാർ ഇടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവിനെ തൃക്കാക്കരയിലെ ബോസ്റ്റൽ സ്കൂളിലാണ് പാർപ്പിച്ചിരിക്കുന്നത്. സുഹൈലിനെ ജുവനൈൽ ഹോമിലേക്ക് മാറ്റിയെന്നായിരുന്നു ആദ്യം പുറത്തുവന്ന മാധ്യമവാർത്തകൾ. എന്നാൽ ജുവനൈൽ ഹോമും ബോസ്റ്റൽ സ്കൂളും ഒരേ സ്വഭാവത്തിലുള്ള സ്ഥാപനങ്ങളല്ല. ഇവയുടെ പ്രവർത്തനത്തിലും അന്തേവാസികളുടെ പ്രായപരിധിയിലും നിയമവ്യവസ്ഥകളിലും വ്യക്തമായ വ്യത്യാസങ്ങളുണ്ട്. എന്താണ് ബോസ്റ്റൽ സ്കൂൾ? ജുവനൈൽ ഹോമിൽനിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? എന്നിവയറിയാം.


എന്താണ് ബോസ്റ്റൽ സ്കൂൾ?


18 മുതൽ 21 വയസുവരെയുള്ള യുവകുറ്റവാളികളെ പാർപ്പിക്കുന്നതിനുള്ള പ്രത്യേക സ്ഥാപനമാണ് ബോസ്റ്റൽ സ്കൂൾ. കേരളത്തിൽ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ബോസ്റ്റൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1994 വരെ കണ്ണൂരിലായിരുന്നു ബോസ്റ്റൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്. തൃക്കാക്കരയിൽ പെൺകുട്ടികൾക്കായുള്ള ബോസ്റ്റൽ സ്കൂളും പ്രവർത്തിച്ചിരുന്നു. എന്നാൽ യുവകുറ്റവാളികളുടെ എണ്ണം കുറഞ്ഞതോടെ കണ്ണൂരിലെ ബോസ്റ്റൽ സ്കൂൾ പൂർണമായും ജയിലാക്കി മാറ്റി. 1995 ആഗസ്ത് അഞ്ചിനാണ് ബോസ്റ്റൽ സ്കൂൾ തൃക്കാക്കരയിലേക്ക് മാറ്റിയത്. ജയിൽ ചട്ടങ്ങളിലെ ചട്ടം 279 പ്രകാരമായിരുന്നു ഈ മാറ്റം.


അതേ സമയം, ജുവനൈൽ ഹോമുകളിൽ കുറ്റകൃത്യം നടക്കുമ്പോൾ 18 വയസ് പൂർത്തിയാകാത്ത കുട്ടികളെയാണ് പാർപ്പിക്കുക. 2015ലെ Juvenile Justice (Care and Protection of Children) Act പ്രകാരമാണ് ഇവ പ്രവർത്തിക്കുന്നത്.


ആരൊക്കെയാണ് അന്തേവാസികൾ?


റിമാൻഡ് ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന 18 മുതൽ 21 വയസുവരെയുള്ള യുവകുറ്റവാളികളെയാണ് ബോസ്റ്റൽ സ്കൂളുകളിൽ പാർപ്പിക്കുന്നത്. ബോസ്റ്റൽ സ്കൂളിൽ ശിക്ഷ അനുഭവിക്കുന്ന അന്തേവാസികൾക്ക് 23 വയസ് പൂർത്തിയാകുന്നതുവരെ അവിടെ തുടരാൻ അനുമതിയുണ്ട്.


എറണാകുളത്ത് ആറ് ഏക്കർ സ്ഥലത്താണ് ബോസ്റ്റൽ സ്കൂൾ പ്രവർത്തിക്കുന്നത്. 16 സെല്ലുകളാണ് ഇവിടെയുള്ളത്. സെല്ലുകൾക്കുപുറമെ ഡോർമിറ്ററികൾക്ക് സമാനമായ ബാരക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. ആകെ 66 അന്തേവാസികളെ പാർപ്പിക്കാനുള്ള ശേഷിയാണ് സ്ഥാപനത്തിനുള്ളത്.


എന്തിനാണ് ബോസ്റ്റൽ സ്കൂളുകൾ?


21 വയസിൽ താഴെയുള്ള യുവതടവുകാരെ സാധാരണ ജയിലുകളിൽ പാർപ്പിക്കുമ്പോൾ മറ്റ് വിഭാഗങ്ങളിലുള്ള തടവുകാരുമായുള്ള സഹവാസം അവരുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുകയും യുവകുറ്റവാളികളെ കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്ന് അകറ്റി സാമൂഹിക പുനരധിവാസത്തിന് അവസരമൊരുക്കുകയും ചെയ്യുകയെന്നതാണ് ബോസ്റ്റൽ സ്കൂളുകളുടെ പ്രധാന ലക്ഷ്യം. സാധാരണ ജയിലുകളിലെ ശിക്ഷാരീതികളിൽനിന്ന് വ്യത്യസ്തമായി അന്തേവാസികളുടെ സ്വഭാവപരിഷ്കരണത്തിനും വ്യക്തിത്വവികസനത്തിനുമാണ് ഇവിടെ പ്രാധാന്യം നൽകുന്നത്.


കേരളത്തിലെ ബോസ്റ്റൽ സ്കൂളിന്റെ ചരിത്രം


കേരള സംസ്ഥാനം രൂപീകരിക്കുന്നതിനുമുമ്പ് തമിഴ്നാട്ടിലെ പാളയംകോട്ട ബോസ്റ്റൽ സ്കൂളിലായിരുന്നു മലയാളികളായ യുവകുറ്റവാളികളെ പാർപ്പിച്ചിരുന്നത്. മലബാർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നതിനാലാണ് ഇത്തരമൊരു സംവിധാനം നിലനിന്നിരുന്നത്.


1956ലെ സംസ്ഥാന പുനഃസംഘടനയെത്തുടർന്ന് പാളയംകോട്ട ബോസ്റ്റൽ സ്കൂളിലുണ്ടായിരുന്ന മലയാളികളായ അന്തേവാസികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ ക്വാറന്റൈൻ ബ്ലോക്ക് ബോസ്റ്റൽ സ്കൂളായി പ്രഖ്യാപിക്കുകയും യുവതടവുകാരെ അവിടെ പാർപ്പിക്കുകയും ചെയ്തു. ഇങ്ങനെയാണ് കേരളത്തിലെ ബോസ്റ്റൽ സംവിധാനം കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്നുള്ള പ്രത്യേക സ്ഥാപനമായി പ്രവർത്തിച്ചുതുടങ്ങിയത്.


പിന്നീട് യുവകുറ്റവാളികളുടെ എണ്ണം കുറഞ്ഞതോടെ കണ്ണൂരിലെ ബോസ്റ്റൽ സ്കൂൾ ജില്ലാ ജയിലാക്കി മാറ്റി. 1995 ആഗസ്ത് അഞ്ചിന് ബോസ്റ്റൽ സ്കൂളിന്റെ പ്രവർത്തനം എറണാകുളം ജില്ലയിലെ തൃക്കാക്കരയിലേക്ക് മാറ്റുകയായിരുന്നു.


തുടക്കം ബ്രിട്ടനിൽനിന്ന്


കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കളെ ജീവിതകാലം മുഴുവൻ കുറ്റവാളികളായി കാണാതെ, അവരെ തിരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആശയത്തിൽനിന്നാണ് ബോസ്റ്റൽ സ്കൂളുകൾ രൂപംകൊണ്ടത്. സാധാരണ ജയിലുകളിലെ ശിക്ഷാരീതികളിൽനിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസം, തൊഴിൽപരിശീലനം, കായികപ്രവർത്തനങ്ങൾ, അച്ചടക്കപരിശീലനം, സാമൂഹിക പുനരധിവാസം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ഈ സ്ഥാപനങ്ങളുടെ പ്രത്യേകത.


1902ൽ ഇംഗ്ലണ്ടിലെ കെന്റ് കൗണ്ടിയിലുള്ള ബോസ്റ്റൽ എന്ന ഗ്രാമത്തിലാണ് ഈ സംവിധാനത്തിന് തുടക്കമായത്. റോച്ചസ്റ്ററിന് സമീപമുള്ള ജയിലിൽ പ്രായപൂർത്തിയായ തടവുകാരിൽനിന്ന് യുവകുറ്റവാളികളെ വേർതിരിച്ച് പാർപ്പിക്കുകയും അവർക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്യുന്ന പരീക്ഷണമാണ് പിന്നീട് ബോസ്റ്റൽ സംവിധാനമായി വികസിച്ചത്.


അക്കാലത്ത് ജയിലുകളിൽ യുവാക്കളെയും മുതിർന്ന കുറ്റവാളികളെയും ഒരുമിച്ച് പാർപ്പിക്കുന്നത് യുവാക്കളുടെ പെരുമാറ്റത്തെയും ഭാവിജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. ശിക്ഷ നൽകുന്നതിനൊപ്പം വിദ്യാഭ്യാസവും തൊഴിൽപരമായ കഴിവുകളും പകർന്നുനൽകി യുവാക്കളെ സമൂഹത്തിലേക്ക് തിരിച്ചെത്തിക്കണമെന്ന ആശയത്തിന് ഇതോടെ കൂടുതൽ പ്രാധാന്യം ലഭിച്ചു.

1908ലെ ബ്രിട്ടീഷ് Prevention of Crime Act ബോസ്റ്റൽ സംവിധാനത്തിന് വ്യക്തമായ നിയമപരമായ അടിത്തറ നൽകി. പ്രധാനമായും 16 മുതൽ 21 വയസുവരെയുള്ള യുവകുറ്റവാളികളെ ലക്ഷ്യമിട്ടായിരുന്നു ഈ സ്ഥാപനങ്ങൾ രൂപീകരിച്ചത്. പിന്നീട് 1982ലെ നിയമനിർമാണത്തിലൂടെ ബ്രിട്ടനിലെ ബോസ്റ്റൽ സംവിധാനം അവസാനിപ്പിക്കുകയും പകരം യുവതടവുകാർക്കായി മറ്റ് സ്ഥാപനങ്ങൾ കൊണ്ടുവരികയും ചെയ്തു.


ഇന്ത്യയിലെ ബോസ്റ്റൽ സ്കൂളുകളുടെ തുടക്കം


ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിലും ബോസ്റ്റൽ സ്കൂൾ സംവിധാനം ആരംഭിച്ചത്. മദ്രാസ് പ്രസിഡൻസി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യുവകുറ്റവാളികളെ സാധാരണ ജയിലുകളിൽനിന്ന് വേർതിരിച്ച് പാർപ്പിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ രൂപീകരിച്ചു.

1926ലെ Madras Borstal Schools Act ദക്ഷിണേന്ത്യയിലെ ബോസ്റ്റൽ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് നിയമപരമായ അടിത്തറ നൽകി. തഞ്ചാവൂർ, പാളയംകോട്ട എന്നിവിടങ്ങളിലെ ബോസ്റ്റൽ സ്കൂളുകൾ ഈ സംവിധാനത്തിന്റെ ആദ്യകാല പ്രധാന കേന്ദ്രങ്ങളായിരുന്നു.


ഇന്ത്യയിൽ ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ബോസ്റ്റൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ലഭ്യമായ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ അന്തേവാസികളെ ഉൾക്കൊള്ളാനുള്ള ശേഷിയുള്ളത് തമിഴ്നാട്ടിലെ ബോസ്റ്റൽ സ്കൂളുകൾക്കാണ്. 678 പേരെ പാർപ്പിക്കാനുള്ള ശേഷിയാണ് ഇവിടെയുള്ളത്.


ഹിമാചൽ പ്രദേശിലും കേരളത്തിലും മാത്രമാണ് പെൺകുട്ടികളായ അന്തേവാസികളെ പാർപ്പിക്കാനുള്ള സൗകര്യമുള്ളത്. രാജ്യത്തെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്നും ബോസ്റ്റൽ സ്കൂളുകൾ നിലവിലില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home