print edition പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം; കരട് സമയപരിധി അവസാനിക്കുന്നു, അനങ്ങാതെ സംസ്ഥാന സർക്കാർ


സ്വന്തം ലേഖകൻ
Published on Sep 19, 2026, 01:00 AM | 1 min read
നിലമ്പൂർ : പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം (ഇഎസ്എ) സംബന്ധിച്ച കേന്ദ്രത്തിന്റെ പുതിയ കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാൻ ഒരാഴ്ച മാത്രമുള്ളപ്പോഴും അനങ്ങാതെ സംസ്ഥാന സർക്കാർ. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനോ എതിർപ്പറിയിക്കാനോ ഇതുവരെ യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല. കേരളത്തിന്റെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പട്ടികയിലുള്ളത്. ഇതിൽ ജനവാസ മേഖല, കൃഷിയിടം, വനപ്രദേശം, വികസന മേഖല എന്നിവയുടെ പ്രത്യേകത പരിശോധിച്ച് അന്തിമ നിലപാട് ഉടൻ കേന്ദ്രത്തെ അറിയിക്കണമെന്ന ആവശ്യം ശക്തമാണ്.
കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 131 വില്ലേജാണ് ഇതിലുള്ളത്. ഇടുക്കിയിൽമാത്രം 51 വില്ലേജാണ്. വിഷയത്തിൽ കർണാടകം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് വിഷയം ചർച്ച ചെയ്യുന്നുണ്ട്. ജനവാസ മേഖലകൾ ഒഴിവാക്കണമെന്ന സംസ്ഥാന നിലപാട് കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ കൃത്യമായ സ്ഥലപരിശോധനയും രേഖകളുടെ അടിസ്ഥാനത്തിലുള്ള വിശദീകരണവും ആവശ്യമാണെന്നാണ് മലയോര ജനതയുടെ നിലപാട്.









0 comments