വയനാട്ടിൽ വൻ പുകയില വേട്ട; ചകിരിക്കിടയിൽ ഒളിപ്പിച്ച് കടത്തിയ 105 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടിയിൽ

പിടിയിലായ പ്രതി സി എച്ച് സിദ്ധീഖും എക്‌സൈസ് സംഘവും
വയനാട്: ലോറിയിൽ രഹസ്യ അറയുണ്ടാക്കി ചകിരിക്കിടയിൽ കടത്തുകയായിരുന്ന വൻ പുകയില വേട്ടയുമായി എക്‌സൈസ്. മുത്തങ്ങ തകരപ്പാടി എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 42,650 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ലോറി ഡ്രൈവർ പാലക്കാട് മണ്ണാർക്കാട് പെരിഞ്ചോളം സ്വദേശി സി എച്ച് സിദ്ധീഖിനെ (38) അറസ്റ്റ് ചെയ്തു.
കർണാടകയിൽ നിന്നും മലപ്പുറം അരീക്കോട് ഭാഗത്തേക്ക് പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നുണ്ടെന്ന എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ ജോയന്റ് കമ്മീഷണറുടെ രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. KL 65 S 2395 നമ്പറിലുള്ള ഐഷർ ലോറി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ മുകളിൽ ചകിരി കെട്ടുകളായിരുന്നു. എന്നാൽ വിശദമായ പരിശോധനയിൽ ചകിരിക്ക് താഴെ 105 ചാക്കുകളിലായി സൂക്ഷിച്ച നിലയിൽ ലഹരി ഉൽപ്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു.
എക്‌സൈസ് ഇന്റലിജൻസ്, മുത്തങ്ങ ചെക്ക്‌പോസ്റ്റ്, സുൽത്താൻ ബത്തേരി റെയിഞ്ച് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായാണ് മിന്നൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും അതിർത്തി കടന്നുള്ള ലഹരി കടത്തിനെതിരെ കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങളും ലോറിയും ഡ്രൈവറെയും തുടർനടപടികൾക്കായി സുൽത്താൻ ബത്തേരി പൊലീസിന് കൈമാറി.










0 comments