ad
Deshabhimani

വയനാട് മാതൃകാ ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിന്

Mundakkai Township.JPG
വെബ് ഡെസ്ക്

Published on Feb 23, 2026, 04:48 PM | 2 min read

തിരുവനന്തപുരം: മുണ്ടക്കൈ മഹാദുരന്തത്തെ അതിജീവിച്ചവർക്ക് പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിന്. ഫെബ്രുവരി 25നായിരുന്നു നേരത്തെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും.


വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ വിവിധ സർക്കാർ സംവിധാനങ്ങളുടെയും ഏജൻസികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവർത്തനത്തിലൂടെയാണ് ടൗൺഷിപ്പ് യാഥാർഥ്യമാകുന്നത്. ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്. പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരു നില നിർമ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.


ടൗൺഷിപ്പിൽ ഒരുങ്ങുന്ന 410 വീടുകളിലായി 1662 ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. വീടുകൾക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളും സജീകരിക്കും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളി സ്ഥലം, പാർക്കിങ് എന്നിവ ഒരുക്കും. മർട്ടി പർപ്പസ് ഹാൾ, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്മ്യൂണിറ്റി സെന്ററിൽ നിർമിക്കുന്നുണ്ട്.


ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗൺഷിപ്പ് നിർമ്മിക്കാൻ കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. അതിജീവിതർക്ക് സുരക്ഷിത സ്ഥലം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഭൂമി ഏറ്റെടുക്കൽ. ഭൂമി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2025 മാർച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിട്ടു. എല്ലാം നഷ്ടമായ ഒരുകൂട്ടം ജനതയുടെ സ്വപ്നമാണ് എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പ്. ടൗൺഷിപ്പിന്റെ ശേഷിച്ച നിർമ്മാണ പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home