എ രാജരാജൻ വിഎസ്‌എസ്‌സി ഡയറക്ടർ , ഇ എസ് പത്മകുമാർ ഷാർ ഡയറക്ടർ

എ രാജരാജൻ / ഇ എസ് പത്മകുമാർ
തിരുവനന്തപുരം
തിരുവനന്തപുരം വിഎസ്‌എസ്‌സിയടക്കം മൂന്ന് ഐഎസ്‌ആർഒ സെന്ററുകളിൽ പുതിയ ഡയറകക്ടർമാർ. വിഎസ്‌എസ്‌സി ഡയറക്ടറായി എ രാജരാജനെയും ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്പേയ്‌സ് സെന്റർ(ഷാർ) ഡയറക്ടറായി ഇ എസ് പത്മകുമാറിനെയും വട്ടിയൂർക്കാവ് ഐഐഎസ്‌യു ഡയറക്ടറായി സൗമ്യ നാരായണനെയും നിയമിച്ചു.
ഡോ. എസ് ഉണ്ണികൃഷ്‌ണൻ നായർ വിരമിക്കുന്ന ഒഴിവിലേക്കാണ് രാജ രാജന്റെ നിയമനം. നിലവിൽ ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്പേയ്‌സ് സെന്റർ(ഷാർ) ഡയറക്ടറാണ്. നാല് ദശാബ്ദമായി ഐഎസ്‌ആർഒയിൽ പ്രവർത്തിക്കുന്നു. ആലപ്പുഴ ചേർത്തല സ്വദേശിയാണ്. വിഎസ്‌എസ്‌സി ഡപ്യൂട്ടി ഡയറക്ടറുമായിരുന്നു. ചാന്ദ്രയാൻ 3, ആദിത്യ എൽ1, എൽവിഎം 3 എം2, എസ്‌എസ്‌എൽവി തുടങ്ങിയ ദൗത്യങ്ങളിൽ മുഖ്യപങ്ക് വഹിച്ചു. ഖര ഇന്ധന മോട്ടോറടക്കമുള്ള സാങ്കേതികവിദ്യാ വികസനത്തിലും പങ്കാളിയായി.
നിലവിൽ ഐഐഎസ്‌യു ഡയറക്ടറായ പത്മകുമാർ തൃശൂർ മൂർക്കനിക്കര സ്വദേശിയായാണ്. പുതുതലമുറ റോക്കറ്റായ എൻജിഎൽവി, പുനരുപയോഗിക്കാൻ കഴിയുന്ന വിക്ഷേപണവാഹനം ആർഎൽവി, എസ്‌എസ്‌എൽവി തുടങ്ങിയവയുടെ രൂപകൽപനയിൽ മുഖ്യപങ്ക് വഹിച്ചു. ഗ്രൂപ്പ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു. വിഎസ്‌എസ്‌സി അസോസിയറ്റ് ഡയറക്ടറാണ് തമിഴ്‌നാട് സ്വദേശിയായ സൗമ്യ നാരായണൻ.










0 comments