തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപ്പട്ടിക ; 30.18 ലക്ഷം പുതിയ വോട്ടർമാർ 13.84 ലക്ഷം പേരെ ഒഴിവാക്കി

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപ്പട്ടികയിൽ പുതിയതായി പേര് ചേർത്തത് 30,18,926 പേർ. 13,69,490 പുരുഷന്മാരും 16,49,381 സ്‌ത്രീകളും 55 ട്രാൻസ്‌ജെൻഡേഴ്‌സും പുതിയതായി വോട്ടർപട്ടികയിൽ ഇടംപിടിച്ചു. മരണപ്പെട്ടവരും താമസം മാറിയവരും ഉൾപ്പെടെ 13,84,724 പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കി. 6,48,729 പുരുഷന്മാരും 7,35,983 സ്‌ത്രീകളും 12 ട്രാൻസ്‌ജെൻഡേഴ്‌സും ഒഴിവാക്കിയവരിൽ ഉൾപ്പെടുന്നു.
10,323 പേർ തിരുത്തലിനുള്ള അവസരം പ്രയോജനപ്പെടുത്തി. അന്തിമപട്ടികയിൽ ആകെ 2,83,12,458 പേരാണ് ഉള്ളത്. ഇതിനുപുറമേ പ്രവാസി വോട്ടർ പട്ടികയിൽ 2,087 പേരുണ്ട്. കരട് പട്ടികയിൽ 2,66,78,256 പേരാണ് ഉണ്ടായിരുന്നത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറത്താണ് (35,50,158), കുറവ് വയനാട്ടിലും( 6,39,444). പഞ്ചായത്തുകളിൽ കോഴിക്കോട് ജില്ലയിലെ ഒളവണ്ണയിലാണ് കൂടുതൽ വോട്ടർമാരുള്ളത് (55,101), 1,773 വോട്ടർമാരുള്ള ഇടുക്കിയിലെ ഇടമലക്കുടിയിലാണ് ഏറ്റവും കുറവ്. കൂടുതൽ വോട്ടർമാരുള്ള മുനിസിപ്പാലിറ്റി ആലപ്പുഴയും (1,32,669) കുറവുള്ളത് കൂത്താട്ടുകുളത്തുമാണ് (14,686). കോർപറേഷനുകളിൽ തിരുവനന്തപുരമാണ് മുന്നിൽ. ആകെ 8,21,436 വോട്ടർമാരുണ്ട്. കണ്ണൂരിലാണ് കുറവ് വോട്ടർമാർ (1,91,835).കൂടുതൽ പ്രവാസി വോട്ടർമാരുള്ളത് കോഴിക്കോടാണ്. 902 വോട്ടർമാർ. കുറവ് ഇടുക്കിയിലും ഏഴു പേർ.
ചൊവ്വാഴ്‌ചയാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. 941 പഞ്ചായത്തുകളിലെ 17,337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3,240 വാര്‍ഡുകളിലെയും ആറ് കോര്‍പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമപട്ടികയാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും വോട്ടര്‍പട്ടിക പരിശോധനക്ക് ലഭ്യമാണ്.










0 comments