യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി നിർദേശിച്ചത് ജെ എസ് അഖിലിനെ: നേതൃത്വത്തിനെതിരെ വി എം സുധീരൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിൽ എംപിക്കുമെതിരെ പരോക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർദേശിച്ചിരുന്നത് ജെ.എസ് അഖിലിനെയായിരുന്നു എന്ന് സുധീരൻ വെളിപ്പെടുത്തി. ഉമ്മൻചാണ്ടിയുടെ ആ നിർദേശം അന്ന് നടന്നിരുന്നെങ്കിൽ ഇതിലും നല്ല ഫലം ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു സുധീരന്റെ ഈ സുപ്രധാന പരാമർശം. ഉമ്മൻചാണ്ടിക്ക് ഏറെ പ്രിയപ്പെട്ട ഒരാളായിരുന്നു അഖിലെന്നും, അദ്ദേഹത്തെ ഒരു സുപ്രധാന പദവിയിലേക്ക് നിർദേശിച്ചിട്ടും അത് നടക്കാതെ പോയതിൽ അതൃപ്തിയുണ്ടെന്നും സുധീരൻ പറഞ്ഞു.
അന്ന് ആ തീരുമാനം നടപ്പായിരുന്നെങ്കിൽ സംഘടനയ്ക്ക് ഏറെ ഗുണകരമാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണയായി പദവികൾ ലഭിക്കാത്തപ്പോൾ പരാതികളുമായി പോകുന്ന രാഷ്ട്രീയക്കാരുണ്ട്, എന്നാൽ പദവി കിട്ടാതിരുന്നിട്ടും പരിഭവമില്ലാതെ മുന്നോട്ട് പോയ അഖിലിന്റെ രീതിയെ അദ്ദേഹം പ്രശംസിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ പീഡനക്കേസിൽ ഉൾപ്പെടെ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഷാഫി പറമ്പിലിന്റെയും രാഹുലിന്റെയും രാഷ്ട്രീയ നീക്കങ്ങളെ തള്ളുന്ന തരത്തിലുള്ള സുധീരന്റെ ഈ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.
അതേസമയം, റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കഴിഞ്ഞ ദിവസം സുധീരൻ പറഞ്ഞിരുന്നു. എംഎൽഎ പദവിയിൽ തുടരാനുള്ള അർഹത സ്വയം നഷ്ടപ്പെടുത്തിക്കഴിഞ്ഞുവെന്നും ആരെങ്കിലും പറയുന്നത് കാത്തുനിൽക്കാതെ രാജിവെക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.










0 comments