print edition വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യന്റെ അറിവോടെ

എസ് കിരൺബാബു
Published on Oct 19, 2026, 12:47 AM | 1 min read
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ അദാനി ഗ്രൂപ്പ് നടത്തുന്ന ദുരൂഹമായ ഓഹരി വിൽപ്പനയിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ ഇരട്ടത്താപ്പും കള്ളക്കളിയും പുറത്ത്. സ്വിസ് ഷിപ്പിങ് ഭീമനായ എംഎസ്സിക്ക് ഓഹരി കൈമാറാൻ അദാനി കമ്പനി നീക്കം തുടങ്ങിയത് മുഖ്യമന്ത്രിയുടെ പൂർണ അറിവോടെയാണെന്ന് വ്യക്തമായി. ഓഹരി ഇടപാട് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതും തുറമുഖവകുപ്പ് വിവരാവകാശപ്രകാരം നൽകിയ മറുപടിയും പരസ്-പവിരുദ്ധം. കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് കുടപിടിക്കാൻ സ്വന്തം വകുപ്പിനെത്തന്നെ ഉപയോഗിച്ച് മുഖ്യമന്ത്രി സഭയിൽ പച്ചക്കള്ളം പറയുകയായിരുന്നു.
സഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കള്ളക്കളി പുറത്തായത്. "മുൻകൂർ അനുമതി ഇല്ലാതെ അദാനി ഓഹരികൈമാറ്റത്തിന് നീക്കം നടത്തിയിട്ടുണ്ടോ’ എന്ന ചോദ്യത്തിന് ‘ഇല്ല' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കമ്പനി മുൻകൂർ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും അത് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയുടെ പരിശോധനയിലാണെന്നും വ്യക്തമാക്കി. എന്നാൽ തുറമുഖവകുപ്പ് ആഗസ്ത് മൂന്നിന് നൽകിയ വിവരാവകാശമറുപടിയിൽ വിൽപ്പന മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുംമുമ്പ് മുൻകൂർ അനുമതി തേടിയുള്ള അപേക്ഷയോ കത്തോ നൽകിയിട്ടില്ലെന്നാണ് പറയുന്നത്.
വിവാദമായതോടെയാണ് (ജൂലൈ ഒന്ന്, മൂന്ന് തീയതികളിൽ) അനുമതിക്കായി കത്തു നൽകിയതെന്നും പറയുന്നു. കരാർലംഘനമുണ്ടായിട്ടും അദാനി ഗ്രൂപ്പിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകുകയോ മറ്റ് നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. ഓഹരി വിൽപ്പനയെപ്പറ്റി സർക്കാരിന് മൂൻകൂട്ടി അറിവില്ലെങ്കിലും സതീശന് കൃത്യമായി അറിയാമായിരുന്നുവെന്നാണ് നിയമസഭാ മറുപടി തെളിയിക്കുന്നത്. ഇടപാട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മുൻകൂട്ടി അറിയിച്ചില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ ആദ്യവാദം കള്ളമെന്ന് തെളിഞ്ഞു. ഓഹരിക്കൈമാറ്റത്തിന് മുൻകൂർ അനുമതി വേണമെന്ന് വിവരാവകാശ മറുപടിയിലുണ്ട്. ഓഹരിക്കൈമാറ്റം മുഖ്യമന്ത്രിയെ കന്പനി അനൗദ്യോഗികമായി അറിയിച്ചിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.
കരാർ ലംഘനം വ്യക്തം
കരാർലംഘനം വ്യക്തമായിട്ടും സംസ്ഥാന താൽപര്യം സംരക്ഷിക്കാനോ നടപടിയടുക്കാനോ തയ്യാറാകാതെ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റി. മുഖ്യമന്ത്രിയുടെ കീഴിലുള്ള ധനം, തുറമുഖം, നിയമം സെക്രട്ടറിമാരും വിഴിഞ്ഞം എംഡിയുമാണ് ഓഹരിവിൽപന പരിശോധിക്കാനുള്ള കമ്മിറ്റിയിലുള്ളത് എന്നതിനാൽ, മുഖ്യമന്ത്രിയുടെ നിർദേശം പാലിച്ചാകും തീരുമാനം. മുഖ്യമന്ത്രിയുടെ സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും ഒരാളാണെന്നതിനാൽ, മുഖ്യമന്ത്രിയുടെ നിലപാടാകും അദ്ദേഹം അവതരിപ്പിക്കുക. ഇത് ഓഹരിവിൽപനയ്ക്ക് അനുകൂലമാകും.









0 comments