Deshabhimani

തീരത്ത് നന്മയുടെ തിരകളായ പത്ത് വർഷങ്ങൾ സതീശന്റെ നുണകൾ മായ്ക്കും

fishermen missing
വെബ് ഡെസ്ക്

Published on Aug 10, 2026, 03:58 PM | 3 min read

ഓഖി ചുഴലിക്കാറ്റ് കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു. 2017 നവംബർ 29നാണ് ഓഖി കേരള തീരം തൊട്ടത്. ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കപ്പെട്ടത് തീരദേശ മേഖലയെയായിരുന്നു. 142 മത്സ്യത്തൊഴിലാളികളെയാണ് ഓഖി ദുരന്തകാലത്ത് കണാതായത്. 102 പേരുടെ മൃതദേഹങ്ങൾ തിരച്ചിലിൽ കണ്ടെത്തി. കണ്ടെത്താനാകാത്ത 33 പേരുടെ കുടുംബങ്ങൾക്ക് 22 ലക്ഷം രൂപ വീതം ദുരുതാശ്വാസ നിധിയിൽ നിന്ന് നൽകി. കാണാതായ ആളുകളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെങ്കിൽ ഏഴു വർഷം പൂർത്തിയാകണമെന്ന മാനദണ്ഡം റദ്ദാക്കിയാണ് അന്നത്തെ എൽഡിഎഫ് സർക്കാർ തുക ലഭ്യമാക്കിയത്. എന്നാൽ ആ സാഹചര്യം ഇപ്പോഴും നിലവിലുണ്ടെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന. ഇത് വസ്തുതാവിരുദ്ധമാണെന്നതിന് പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളാണ് തെളിവ്.


കേരളത്തിലെ തീരദേശമേഖലയെ ചേർത്തുനിർത്തിയ സമീപനമായിരുന്നു കേരളത്തിലെ എൽഡിഎഫ് സർക്കാരുകൾ എക്കാലത്തും കൈക്കൊണ്ടിട്ടുള്ളത്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി നിരവധി വികസന പദ്ധതികൾ നടപ്പാക്കി. വീടില്ലാത്തവർക്ക് വീട്, കുടുംബനാഥൻ നഷ്ടപ്പെട്ട കുടുംബങ്ങളിലെ വനിതയ്ക്ക് ജോലി എന്നിവ ലഭ്യമാക്കി. അവരുടെ മക്കളുടെ 2035 വരെയുള്ള വിദ്യാഭ്യാസം ഏറ്റെടുത്തിരുന്നു. ഇപ്പോഴും അവർക്ക് ആ ആനുകൂല്യം ലഭ്യമാക്കുന്നു. 13.5 കോടി രൂപ പ്രത്യേക അക്കൗണ്ടിൽ ട്രഷറിയിൽ നിക്ഷേപിച്ചിട്ടുണ്ട്. ആറുമാസമായ കുട്ടികൾ, കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർക്ക് അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതുവരെയുള്ള ചെലവിനായി പണം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിക്ഷേപിച്ചിട്ടുണ്ട്.


കടൽക്ഷോഭ ഭീഷണിയിലുള്ള 22,174 കുടുംബങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുനർ​ഗേഹം പദ്ധതിയും, ലൈഫ് മിഷനിൽ ഉൾപ്പെടുത്തിയുള്ള ഭവന പദ്ധതിയും മുട്ടത്തറയിൽ 400 ഫ്ലാറ്റുകളുള്ള പ്രത്യാശ ഫ്ലാറ്റ് സമുച്ചയവും ഉൾപ്പെടെ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത ഭവനം ഒരുക്കുന്ന നടപടികൾക്ക് എൽഡിഎഫ് സർക്കാർ നേതൃത്വം നൽകി. ദീർഘവീക്ഷണത്തോടുകൂടിയായിരുന്നു എൽഡിഎഫ് സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ദുരിതം നേരിട്ട മത്സ്യത്തൊഴിലാളികളെ ചേർത്തുനിർത്താനും അവരെ കരുതലോടെ സംരക്ഷിക്കാനും അന്ന് അതിവേഗം നടപടി സ്വീകരിച്ചിരുന്നു.


മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാൻ 1.25 ലക്ഷം വരെ ധനസഹായം, വിദേശ പഠനസഹായം, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ അനാഥരായ കുട്ടികൾക്കുള്ള പഠന സഹായം, വിവിധ സ്കോളർഷിപ്പുകൾ എന്നവയിലൂടെ വിദ്യാഭ്യാസമേഖലയിലും മികച്ച പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സബ്സിഡി നിരക്കിൽ എഫ്ആർപി യൂണിറ്റുകളും, ജിപിഎസ്, ട്രാൻസ്പോണ്ടറുകൾ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു. അപകട ഇൻഷുറൻസ് തുക 10 ലക്ഷമായി ഉയർത്തുകയും, മത്സ്യഫെഡ് അംഗങ്ങൾക്ക് അധികമായി 10 ലക്ഷം കൂടി ചേർത്ത് ആകെ 20 ലക്ഷത്തിന്റെ പരിരക്ഷ ഉറപ്പാക്കുകയും ചെയ്തു. കൂടാതെ വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ കേന്ദ്രീകരിച്ച് അത്യാധുനിക മറൈൻ ആംബുലൻസുകളും പ്രവർത്തിക്കുന്നുണ്ട്.


കടലിൽ കാണാതായവർക്കായി ദിവസങ്ങളോളം രക്ഷാപ്രവർത്തനം നടത്തിയതും ശ്രദ്ദേയമായിരുന്നു. ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി എയർഫോഴ്സിന്റെയും നേവിയുടെയും സേവനങ്ങൾക്കൊപ്പം അതിവേഗം സർക്കാർ സംവിധാനങ്ങളും ഏകോപിപ്പിച്ചിരുന്നു. സമാനതകളില്ലാത്ത രക്ഷാപ്രവർത്തന ദൗത്യങ്ങൾക്കാണ് കഴിഞ്ഞ പത്ത് വർഷം കേരളം സാക്ഷിയായത്. വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ 300ഓളം ആളുകളെയാണ് കാണാതായത്. ദുഷ്കരമായ കാലാവസ്ഥയിൽ ആഴ്ചകളോളം നീണ്ട തിരച്ചിൽ നടത്തി. കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ദുരന്തനിവാരണ സംഘങ്ങൾ ഒരുമിച്ചിറങ്ങിയ ആ രക്ഷാദൗത്യം കേരളത്തിന് മറക്കാനാകില്ല. അതേപോലെ, കർണാടകത്തിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്തുന്നതിനായി രണ്ട് മാസത്തിലധികം കർണാടക സർക്കാരിനൊപ്പം തിരച്ചിൽ നടത്താൻ കേരള സർക്കാരും പങ്കുചേർന്നിരുന്നു.


ഇപ്പോൾ സമാന സാഹചര്യമാണ് കേരളം നേരിടുന്നത്. വിഴിഞ്ഞം, മുതലപ്പൊഴി, നീണ്ടകര എന്നിവിടങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് തൊഴിലാളികളെയാണ് കാണാതായത്. 11 ദിവസം പിന്നിട്ടിട്ടു മത്സ്യത്തൊഴിലാളികളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും കാര്യക്ഷമമായ രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഏകോപനം യുഡിഎഫ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. തിരച്ചിൽ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളുടെ ബന്ധുക്കൾക്ക്കടപ്പുറത്തും ഫിഷറീസ് വകുപ്പിന് മുന്നിലും വന്ന് സമരം ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ടായി.


കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തന ദൗത്യങ്ങൾ ചരിത്രത്തിലാദ്യമായാണെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം. ഡ്രോണും ഹെലികോപ്റ്ററും ഉപയോഗിച്ചുള്ള തിരച്ചിൽ ആദ്യമായിട്ടാണെന്നുമുള്ള സതീശന്റെ പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്ന് മുൻ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


അനുയായികളുടെ കൈയടിക്കായി വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് സതീശൻ ഒരു കലയാക്കി മാറ്റിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളെ കാണാതായ ആദ്യ ദിവസങ്ങളിൽ മേഖലയിലത്തിയ മറ്റൊരു മന്ത്രി സി പി ജോൺ പറഞ്ഞത് ഉടൻ അന്വേഷണം തുടങ്ങും എന്നാണ്. അന്ന് പത്ത് മണിവരെ തൊഴിലാളികൾ കാത്തുനിന്നു. സ്കൂബ ഡൈവിങ്ങുകാരാരും വന്നില്ല. തൊഴിലാളികളാണ് നേരിട്ട് പോയി തിരച്ചിൽ നടത്തിയത്. വ്യാപക പ്രതിഷേധങ്ങൾക്കൊടുവിലാണ് യുഡിഎഫ് സർക്കാർ രക്ഷാപ്രവർത്തനം നടത്താനുള്ള നടപടികൾ ആരംഭിച്ചത്. ഈ സർക്കാരിന്റെ 'കാര്യക്ഷമത' ജനങ്ങൾ അനുദിനം അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് 'ചരിത്രത്തിലാദ്യമായി' എന്ന നുണപ്രചാര വേലയുമായി സതീശൻ വീണ്ടുമെത്തുന്നത്.


കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിലിന് നിലവിൽ ഇന്ത്യൻ നേവിയുടെ കൽപേനി കപ്പലും ഉപയോ​ഗിക്കുന്നുണ്ട്. പതിനൊന്നാം നാളായിട്ടും സർക്കാർ സംവിധാനങ്ങളുപയോഗിച്ചുള്ള രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. കാണാതായവർക്കായി ഹെലികോപ്റ്റർ ഉപയോഗിച്ചും തെരച്ചിൽ ഊർജ്ജിതമാക്കുമെന്നാണ് വിവരം. അതേസമയം, രക്ഷപ്രവർത്തനത്തിൽ അനാസ്ഥയുണ്ടായെന്ന ആക്ഷേപത്തോട് പ്രതികരിക്കാതെ തടിതപ്പുകയാണ് ഫിഷറീസ് മന്ത്രി അബ്ദുൾ ​ഗഫൂർ.








deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home