print edition വിഷന്‍ കേരളം 2031 ; വ്യവസായ സെമിനാർ ഇന്ന് കഴക്കൂട്ടത്ത്

തിരുവനന്തപുരം
കേരളത്തിന്റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ ‘വിഷന്‍ - കേരളം 2031' വ്യാഴാഴ്‌ച കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10ന് വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. 2031നകം കേരളത്തെ പുരോഗമനപരവും വികസിതവുമായ സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 33 വിഷയങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ഭാഗമാണിത്.
കേരളത്തെ വിജ്ഞാന- സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വ്യവസായ കേന്ദ്രമാക്കുക, സുസ്ഥിരതയും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കുക, ഗവേഷണം, സംരംഭകത്വം, തൊഴില്‍ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നീ വിഷയങ്ങളിൽ ചര്‍ച്ചകള്‍ നടക്കും. മികച്ച നിക്ഷേപങ്ങള്‍ ആകര്‍ഷിക്കൽ, ആഗോളതലത്തില്‍ മത്സരാധിഷ്ഠിത വ്യവസായങ്ങള്‍ വളര്‍ത്തിയെടുക്കൽ, അടിസ്ഥാന സൗകര്യങ്ങള്‍, നയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടും ചര്‍ച്ചകളുണ്ടാകും. പൊതുമേഖലാ സംരംഭങ്ങളില്‍ കാലാനുസൃത മാറ്റം, പരമ്പരാഗത മേഖലകളുടെ പുനരുജ്ജീവനം എന്നിവ സംബന്ധിച്ച ചർച്ചകൾക്കും സെമിനാര്‍ വേദിയാകും.
കെഎസ്ഐഡിസി, ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആൻഡ് കൊമേഴ്സ്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കിന്‍ഫ്ര എന്നിവയുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.









0 comments