print edition സബ്‌രജിസ്‌ട്രാറുടെ സ്ഥലംമാറ്റ ഉത്തരവിന് 24 മണിക്കൂർ ആയുസ്സുണ്ടായില്ല


സ്വന്തം ലേഖകൻ
Published on Oct 10, 2026, 12:20 AM | 1 min read
തിരുവനന്തപുരം : വിജിലൻസ് പരിശോധനയിൽ ഓഫീസിൽനിന്ന് കണക്കിൽപ്പെടാത്ത 40,000 രൂപ പിടികൂടിയതിനെത്തുടർന്ന് സബ് രജിസ്‌ട്രാറെ ഉദുമയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവ് ഒറ്റദിവസംകൊണ്ട് റദ്ദാക്കി സർക്കാർ വിസ്‌മയം. ചാല സബ്‌രജിസ്‌ട്രാർ ബി രാജാമാർട്ടിന്റെ സ്ഥലംമാറ്റമാണ് മന്ത്രി ഓഫീസിന്റെ സമ്മർദ്ദത്തിൽ രജിസ്‌ട്രേഷൻ ഐജിക്ക് റദ്ദാക്കേണ്ടിവന്നത്.
സെപ്‌തംബർ 17ന് ആയിരുന്നു ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി സബ് രജിസ്‌ട്രാർ ഓഫീസുകളിൽ വിജിലൻസ് പരിശോധന. ചാല സബ്‌രജിസ്‌ട്രാർ ഓഫീസിലെ റെക്കോഡ് റൂമിൽനിന്ന് 35,310 രൂപയും ഓഫീസിലുണ്ടായിരുന്ന വെണ്ടറിൽനിന്ന് 5000 രൂപയും പിടിച്ചെടുത്തു. വിജിലൻസ് റിപ്പോർട്ടിനെത്തുടർന്ന് ഒക്‌ടോബർ എട്ടിന് പകൽ 11.51ന് ചാല സബ് രജിസ്‌ട്രാർ ബി രാജാമാർട്ടിനെ കാസർകോട് ജില്ലയിലെ ഉദുമയിലേക്കും പകരം ഉദുമയിൽനിന്ന് ഐ സിനിയെ ചാലയിലേക്കും മാറ്റാൻ രജിസ്‌ട്രേഷൻ ഐജി കെ മീര ഉത്തരവിട്ടു. അടുത്ത ദിവസം പകൽ 2.45ന് ഇതേ ഐജിയെക്കാണ്ടുതന്നെ ഉത്തരവ് റദ്ദാക്കിച്ചു. രാജാമാർട്ട് കോൺഗ്രസ് അനുകൂല സംഘടനാ നേതാവായതിനാൽ സ്ഥലംമാറ്റം റദ്ദാക്കാനുള്ള മന്ത്രി ഒ ജെ ജനീഷിന്റെ ഓഫീസിന്റെ നിർദേശം അംഗീകരിക്കുകയേ ഐജിക്ക് വഴിയുണ്ടായിരുന്നുള്ളൂ.
കെജിഒഎ നേതാവിന്റെ ഭാര്യയാണ് ഉദുമ സബ് രജിസ്‌ട്രാർ ഐ സിനി എന്നതിനാൽ അവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത് തടയുകയും ലക്ഷ്യമായിരുന്നു. രജിസ്‌ട്രേഷൻ ഐജി ഓഫീസിൽ സീനിയർ സൂപ്രണ്ട് ആയിരുന്ന സിനി 2025 മാർച്ചുമുതൽ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിലേക്ക് ഡെപ്യൂട്ടേഷനിൽ പോയി. ഇൗ വർഷം മാർച്ചിൽ ഒരു വർഷത്തേക്ക് നീട്ടിയെങ്കിലും സർക്കാർ മാറിയതോടെ ജൂലൈ 26ന് റദ്ദാക്കി ഉദുമ സബ് രജിസ്‌ട്രാറാക്കി. തിരുവനന്തപുരത്ത് വെള്ളറടയിൽ സബ് രജിസ്‌ട്രാറുടെ ഒഴിവുണ്ടെങ്കിലും രാഷ്‌ട്രീയവിരോധംവച്ച് നിയമനം നൽകാതിരിക്കാനാണ് ശ്രമം.









0 comments