മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ മുൻകാല നേതാക്കളിലൊരാളായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ (82) അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും. കോട്ടയം കങ്ങഴ ചുണ്ടമണ്ണിൽ ജനിച്ച സ്റ്റീഫൻ, പിന്നീട് കുടുംബത്തോടൊപ്പം ഇടുക്കി വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു.
കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം പിതാവിന്റെ പാത പിന്തുടർന്നാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. പാർട്ടി പിളർപ്പിന് ശേഷം തീവ്ര ഇടതുപക്ഷ നിലപാടുകളിലേക്ക് ആകർഷിക്കപ്പെടുകയും നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു.
1968-ലെ ചരിത്രപ്രസിദ്ധമായ തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത പ്രധാനികളിൽ ഒരാളായിരുന്നു സ്റ്റീഫൻ. വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ അദ്ദേഹം 1971-ലാണ് അറസ്റ്റിലാകുന്നത്.
കൊലപാതകമടക്കം പതിനെട്ടോളം കേസുകളിൽ പ്രതിയായിരുന്നു. എന്നാൽ, ജയിൽവാസത്തിനിടയിൽ വിപ്ലവരാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം പിന്നീട് ആത്മീയതയിലേക്കും സുവിശേഷ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞിരുന്നു.










0 comments