55 വിദ്യാർഥികൾക്ക് മികച്ച വിജയം , എല്ലാവരും ദുരന്ത അതിജീവിതർ
നൂറിന്റെ വെന്നിക്കൊടി ; ‘ചിരിമല’യായി വെള്ളാർമല

എസ്‌എസ്‌എൽസി പരീക്ഷയിൽ വെള്ളാർമല ജിവിഎച്ച്‌എസ്‌എസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കെ എം ആദിലിനെ എടുത്തുയർത്തി സന്തോഷം പങ്കിടുന്ന അധ്യാപകർ ഫോട്ടോ: ബിനുരാജ്

വി ജെ വർഗീസ്
Published on May 10, 2025, 02:20 AM | 1 min read
കൽപ്പറ്റ
വെള്ളാർമലയുടെ മുകളിൽ അവർ വിജയക്കൊടി നാട്ടി. ഒരു ഉരുളിനും തോൽപ്പിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചു. ദുരന്തത്തിന്റെ ഓർമ കടപുഴക്കി എസ്‌എസ്‌എൽസി പരീക്ഷയിൽ വെള്ളാർമല ജിവിഎച്ച്‌എസ്‌എസ് നൂറ് ശതമാനം വിജയം ആവർത്തിച്ചു. 55 വിദ്യാർഥികൾ പത്തിന്റെ കടമ്പകടന്നു. കെ എം ആദിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.
എല്ലാവരും ദുരന്തബാധിതർ. പലരുടെയും കുടുംബാംഗങ്ങൾ ഒഴുകി മറഞ്ഞു. പുഞ്ചിരിമട്ടം പൊട്ടിയൊഴുകി ഏഴാംമാസമായിരുന്നു പരീക്ഷ. 2024 ജൂലൈ 29ന് അർധരാത്രി വെള്ളാർമല സ്‌കൂളിനെയും ഉരുൾ ഒഴുക്കിയപ്പോൾ കേരളം ഇവരെ ചേർത്തുപിടിച്ചു. സർക്കാരിന്റെ കരുതലിൽ ഒരുമാസത്തിനകം മേപ്പാടിയിൽ സ്‌കൂൾ പുനരാരംഭിച്ചു. ആഴ്‌ചകൾ നീണ്ട കൗൺസിലിങ്ങിലൂടെയാണ് കുട്ടികളെ പഠനത്തിലേക്ക് തിരികെകൊണ്ടുവന്നത്. ക്ലാസ് നഷ്‌ടം നികത്താൻ പ്രഭാതപഠനവും രാത്രി ക്യാമ്പുകളും നടത്തി. രാവിലെ എട്ടുമുതൽ രാത്രി ഒമ്പതുവരെ നീണ്ട പഠനം.
വെള്ളി രാവിലെ മുതൽ വിദ്യാർഥികളും അധ്യാപകരും മുൾമുനയിലായിരുന്നു. വൈകിട്ട് നാലിന് ഫലമറിഞ്ഞതോടെ കുട്ടികളെ കെട്ടിപ്പിടിച്ച് അധ്യാപകർ വെള്ളാർമലയുടെ ‘വൈറൽ പാട്ട്’ പാടി. വിജയികളെയും അധ്യാപകരെയും മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു.
0 comments