print edition സാമുദായിക ഐക്യം രാഷ്ട്രീയ നിലപാടുകൾക്കായല്ല : വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ
സമൂഹ്യനീതിക്കായി എൻഎസ്‌എസ് ഉൾപ്പടെ മറ്റ് ന‍്യൂനപക്ഷ–ദലിത് സാമുദായിക സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കാനും സാമുദായിക ഐക്യം രൂപീകരിക്കാനും എസ്‌എൻഡിപി നേതൃയോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാഷ്ട്രീയ നിലപാടുകൾക്കുവേണ്ടിയല്ല ഐക്യം. സംഘടനകൾക്ക് അവരവരുടെ താൽപ്പര്യത്തിന് അനുസരിച്ച് രാഷ്ട്രീയ നിലപാടുകൾ തീരുമാനിക്കാമെന്നും യൂണിയൻ ഭാരവാഹികളുടെ യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ലീഗ് ഒഴികെ മറ്റെല്ലാ മുസ്ലിം സാമുദായിക രാഷ്ട്രീയ പാർടികളുമായും സഹകരിക്കും. വർഗീയ നിലപാട് തിരുത്തിയാൽ ലീഗുമായും ചർച്ച നടത്തും. ഐക്യം മതങ്ങളുമായും സാമുദായിക സംഘടനകളുമായും വിദ്വേഷത്തിനല്ല. ഉപാധികളോടെയും അല്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുകഞ്ഞ കൊള്ളിയാണ്. അദ്ദേഹത്തിന്റെ പ്രസ്താവന അവജ്ഞയോടെ തള്ളുന്നു. തന്നെ വര്‍ഗീയവാദി എന്ന് വിളിക്കുന്നവര്‍, മതം മാത്രമാണ് പ്രശ്നമെന്ന് പറയുന്ന മുസ്ലിം ലീഗിനെ വിമര്‍ശിക്കാത്തത് എന്തുകൊണ്ടാണ്.
മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നത് എസ്എൻഡിപിയുടെ ശൈലിയല്ല. ഭരണത്തിലിരിക്കുമ്പോൾ ലീഗ് കാണിച്ച വിവേചനമാണ് വിശദമാക്കിയത്. ഇതാണ് ദുർവ്യാഖ്യാനം ചെയ്തത്. എൻഎസ്‌എസ് ജനറൽ സെക്രട്ടറിയുമായി ഉടൻ കൂടിക്കാഴ്‌ച നടത്തും. നാസർ ഫൈസി കൂടത്തായിയുടെ വിമർശത്തെയും തള്ളിക്കളയുന്നു. തീരുമാനം നടപ്പാക്കാനും ചർച്ചകൾ നടത്താനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.










0 comments