Deshabhimani

കുതിച്ചുയർന്ന് പച്ചക്കറി വില: നൂറ് കടന്ന് വെളുത്തുള്ളിയും ഇഞ്ചിയും

Vegetable Prices.jpg
avatar
സ്വന്തം ലേഖിക

Published on Oct 05, 2026, 07:36 AM | 1 min read

കോഴിക്കോട്: സാധാരണക്കാരന്റെ അടുക്കള ബജറ്റിൽ ഒതുങ്ങാതെ കുതിച്ചുയർന്ന് പച്ചക്കറി വില. തുടർച്ചയായ വർധനവിന് പിന്നാലെയാണ് വീണ്ടും വില കൂടിയത്. വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു. ഇഞ്ചി കിലോയ്‌ക്ക്‌ 125 രൂപയും വെളുത്തുള്ളിക്ക് 170 രൂപയുമായി. മാസങ്ങളുടെ വ്യത്യാസത്തിലാണ് ഇഞ്ചിയുടെ വില ഇരട്ടിയായത്. ഓണക്കാലത്ത് സവാള വില 35 രൂപയായിരുന്നത് ഇപ്പോൾ 52 രൂപയായി. ചെറിയുള്ളി– 92, ബീൻസ്– 90, പച്ചമുളക്– 33 എന്നിങ്ങനെയാണ് വർധിച്ചത്. ബീൻസും ഇഞ്ചിയുമെല്ലാം വിവിധ ഗുണനിലവാരമുള്ളവ വിപണിയിലുണ്ട്. ഗുണമേന്മ കൂടിയ ഇഞ്ചിക്ക് 150 രൂപ വില. ബീൻസിന് നൂറ് രൂപയും.


പാളയം മാർക്കറ്റിൽ 26 കിലോയുടെ ഒരുപെട്ടി തക്കാളിക്ക് 1000 രൂപയാണ് ഹോൾസെയിൽ വില. ചില്ലറ വിൽപ്പനശാലകളിലേക്ക് എത്തുമ്പോൾ ഇത് 30 ശതമാനത്തോളം വർധിക്കും. ഒറ്റദിനംകൊണ്ട് 300 രൂപയാണ് ഒരുപെട്ടിക്ക് വർധിച്ചത്. വില കൂടിയതിന്റെ ഞെട്ടലിലാണ് കച്ചവടക്കാരും. അതേസമയം, ഗുണ്ടൽപേട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വില കുറവാണ്‌. സവാള– 35, ചെറിയുള്ളി– 60, വെളുത്തുള്ളി– 80, ബീൻസ്– 50, ഇഞ്ചി– 80, തക്കാളി– 35, പച്ചമുളക്– 26 എന്നിങ്ങനെയാണ് ഗുണ്ടൽപേട്ടിലെ വില. സംസ്ഥാനത്തെത്തുമ്പോൾ മിക്കതിനും ഇരട്ടി വിലയാണ് ഈടാക്കുന്നത്. ഓണക്കാലത്ത് വില വർധിപ്പിച്ചപ്പോൾ മഴയിൽ വിളവ് നശിച്ചെന്നായിരുന്നു മന്ത്രി അനൂപ് ജേക്കബ് നൽകിയ വിശദീകരണം. കാലാവസ്ഥാ വ്യതിയാനത്തെ പഴിചാരുമ്പോഴും സംസ്ഥാന സർക്കാർ ഇടപെട്ട് നിയന്ത്രിക്കാത്തതാണ് പച്ചക്കറി വില കൂടാൻ കാരണം.


"നോക്കിനിൽക്കെയാണ് പച്ചക്കറി വില കൂടുന്നത്. എത്ര വിലയായാലും വാങ്ങാതെ കഴിയില്ലല്ലോ. കേടാകുമെന്നതിനാൽ കുറെ വാങ്ങിവയ്ക്കുന്നതും സാധ്യമല്ല. വാങ്ങാതെ നിവൃത്തിയുമില്ല. ഇങ്ങനെ പോയാൽ സാധാരണക്കാർ എങ്ങനെ ജീവിക്കും?', സെൻട്രൽ മാർക്കറ്റിൽ പച്ചക്കറി വാങ്ങാനെത്തിയ ബീന പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home