Deshabhimani

ശസ്‌ത്രക്രിയകൾ മുടങ്ങിയെന്ന് തെറ്റായ പ്രചാരണം ; വിതരണക്കാർക്കുള്ള കുടിശ്ശിക മുഴുവൻ 
കൊടുത്തുതീർക്കും

print edition ഹൃദയശസ്‌ത്രക്രിയ ഉപകരണങ്ങൾ ഇനി 
കെഎംഎസ്‌സിഎൽ വഴി : വീണാ ജോർജ്‌

Veena George
വെബ് ഡെസ്ക്

Published on Oct 23, 2025, 03:57 AM | 1 min read


തിരുവനന്തപുരം

സർക്കാർ ആശുപത്രികളിലേക്കുള്ള ഹൃദയശസ്‌ത്രക്രിയാ ഉപകരണങ്ങൾ മെഡിക്കൽ സർവീസസ്‌ കോർപറേഷൻ വഴി വാങ്ങുമെന്ന്‌ മന്ത്രി വീണാജോർജ്‌. നിലവിൽ ഉപകരണങ്ങൾ വാങ്ങുന്നത്‌ വിതരണക്കാർ വഴിയാണ്‌. പകരം കമ്പനികളിൽനിന്ന്‌ കെഎംഎസ്‌സിഎൽ നേരിട്ട്‌ വാങ്ങാനാണ്‌ തീരുമാനം. ബുധനാഴ്‌ച ചേർന്ന ഉന്നതതലയോഗം ഇതിന്റെ സാധ്യതകൾ പരിശോധിച്ചതായും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.


കോടികൾ കുടിശ്ശികയുള്ളതിനാൽ മെഡിക്കൽ കോളേജുകളിൽനിന്ന്‌ ശസ്‌ത്രക്രിയാ ഉപകരണങ്ങൾ എടുത്തുകൊണ്ടുപോകുമെന്ന്‌ ചില മാധ്യമങ്ങളിൽ നിരന്തരം വാർത്ത വരുന്നു. സർക്കാരിനെയും മെഡിക്കൽ കോളേജുകളേയും അപമാനിക്കാനാണിത്‌. പിന്നിൽ ഗൂഢാലോചനയുണ്ട്‌. കോട്ടയം മെഡിക്കൽ കോളേജിൽ അതിക്രമിച്ചുകയറി ഉപകരണം എടുത്തുകൊണ്ടുപോയതിനെ ഗ‍ൗരവത്തിലാണ്‌ കാണുന്നത്‌. കുടിശ്ശിക ഘട്ടംഘട്ടമായി നൽകുമെന്ന്‌ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ ചർച്ചയിൽ വിതരണക്കാർക്ക്‌ ഉറപ്പുനൽകിയതാണ്‌. എന്നിട്ടും ഉപകരണം എടുത്തുകൊണ്ടുപോകും, ഹൃദയശസ്‌ത്രക്രിയ മുടങ്ങും എന്നൊക്കെ വാർത്തകൾ വരുത്തിക്കുകയാണ്‌. ശസ്‌ത്രക്രിയകൾ എവിടെയും മുടങ്ങിയിട്ടില്ല. ഉപകരണങ്ങൾ എത്തിക്കാൻ പൊതുമേഖലയിലുള്ള സ്ഥാപനവുമായി ധാരണയായപ്പോൾ, അവർക്ക്‌ നൽകുന്നതിൽനിന്ന്‌ കന്പനികളെ വിതരണക്കാർ മുടക്കുന്നതായാണ്‌ പരാതി.


2016ൽ എൽഡിഎഫ്‌ അധികാരത്തിൽ വരുന്പോൾ കാരുണ്യ പദ്ധതി വഴി 40,000 കുടുംബങ്ങൾക്ക്‌ 30,000 രൂപയുടെ സ‍ൗജന്യചികിത്സയായിരുന്നു ലഭിച്ചുകൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ അഞ്ചുലക്ഷം രൂപയാണ്‌ കവറേജ്‌. 42.5 ലക്ഷം കുടുംബങ്ങളുണ്ട്‌. വർഷം 1,500 കോടി രൂപയാണ്‌ ഇതിനായി സർക്കാർ ചെലവിടുന്നത്‌. ആറ്‌ മെഡിക്കൽ കോളേജുകളിൽ മാത്രമായിരുന്നു കാത്ത്‌ലാബുകൾ.


ഇപ്പോൾ മുഴുവൻ മെഡിക്കൽ കോളേജുകളിലും പുറമേ ആലപ്പുഴ, ഇടുക്കി ഒഴികെയുള്ള ജില്ലാ ആശുപത്രികളിലും കാത്ത്‌ലാബുകളായി. അതിനാൽ കൂടുതൽപേർക്ക്‌ കാരുണ്യപദ്ധതിയിലൂടെ ആൻജിയോ പ്ലാസ്റ്റിയും ആൻജിയോഗ്രാമും ഉൾപെടെയുള്ള സ‍ൗജന്യചികിത്സ ലഭ്യമാവുകയാണ്‌. ഇ‍ൗ മാറ്റം കാണണമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home