‘പറന്നുയരാം കരുത്തോടെ’; വനിതാ കമ്മീഷൻ ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്ത് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ജീവിത പ്രതിസന്ധികളെ ധൈര്യപൂർവ്വം നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന 'പറന്നുയരാം കരുത്തോടെ' ക്യാമ്പയിന് തുടക്കമായി.
ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. അതീവ പ്രാധാന്യമുള്ള ഒരു ക്യാമ്പയിനാണ് വനിതാ കമ്മീഷൻ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീശക്തിയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവർ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും ഇത്തരം ബോധവൽക്കരണ പരിപാടികൾ അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ക്യാമ്പയിൻ അംബാസഡർ കൂടിയായ ചലച്ചിത്ര താരം മഞ്ജു വാര്യർ മുഖ്യാതിഥിയായിരുന്നു. സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.
ആദ്യഘട്ടത്തിൽ മൂന്ന് കേന്ദ്രങ്ങളിലായി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംവാദങ്ങളും ക്ലാസ്സുകളും നടക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം 'നമുക്കെങ്ങനെ പറന്നുയരാം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മോഡറേറ്ററായി.
കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, ശർമിള മേരി ജോസ് ഐഎഎസ്, അജിത ബീഗം ഐപിഎസ്, പബ്ലിക് പ്രോസിക്യൂട്ടർ ഗീന കുമാറി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.










0 comments