‘വീടെവിടെ കോൺഗ്രസേ, കാശെവിടെ കോൺഗ്രസേ'; നുണേശൻ ടീമിന്റെ പുതിയ സംഗീത ആൽബം പുറത്ത്

തിരുവനന്തപുരം : വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് പ്രഖ്യാപിച്ച പദ്ധതികളിലെ അനിശ്ചിതത്വവും ഫണ്ട് വിവാദവും ചർച്ചയാക്കി ‘നുണേശൻ’ ടീമിന്റെ പുതിയ സംഗീത ആൽബം പുറത്തിറങ്ങി. ‘യുഡിഎഫ് കവരും കേരളം തകരും’ എന്ന ക്യാപ്ഷനോടെ പുറത്തിറങ്ങിയ ‘വീടെവിടെ കോൺഗ്രസേ?’ എന്ന ആൽബം സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വയനാടിനായി സമാഹരിച്ച ഫണ്ടും വാഗ്ദാനം ചെയ്ത വീടുകളും ഇതുവരെയും പൂർത്തിയായിട്ടില്ലെന്ന ആക്ഷേപമാണ് ആൽബം മുന്നോട്ടുവെക്കുന്നത്. ദുരന്തബാധിതരുടെ വൈകാരികമായ അവസ്ഥയും നിലവിലെ സാഹചര്യങ്ങളും എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. വീട് നിർമാണത്തിനായി കല്ലിട്ടതല്ലാതെ തുടർപ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നും ദുരന്തബാധിതരുടെ കണ്ണീരിനെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചെന്നുമാണ് ആൽബത്തിലെ വിമർശനം.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പുറത്തുവിട്ട കണക്കുകൾ കോൺഗ്രസിനുള്ളിൽ തന്നെ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിരിച്ചെടുത്ത പണം സ്ഥലം വാങ്ങാനും ആപ്പ് നിർമ്മാണത്തിനുമായി ചെലവായെന്നും വീട് പണിയാൻ വീണ്ടും പണം പിരിക്കണമെന്നുമുള്ള കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വീട് പണി തുടങ്ങിയെന്ന പ്രതിപക്ഷ നേതാവിന്റെ വാദങ്ങളെ തള്ളുന്നതാണ് കെപിസിസി അധ്യക്ഷന്റെ വാക്കുകളെന്നും ആൽബം ചൂണ്ടിക്കാട്ടുന്നു.
പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ നിലപാടുകളെയും നുണകളെയും തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘നുണേശൻ’ പേജിനെതിരെ മുൻപ് പലതവണ കോൺഗ്രസ് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് മെറ്റ പേജ് നീക്കം ചെയ്തിരുന്നെങ്കിലും ഇപ്പോൾ ‘നുണേശൻ 4.0’ എന്ന പേജിലൂടെയാണ് പുതിയ വീഡിയോ പുറത്തുവിട്ടത്. ഫേസ്‌ബുക്ക് പേജുകൾ പൂട്ടിച്ചാലും www.nuneshan.in എന്ന വെബ്‌സൈറ്റിലൂടെ പോരാട്ടം തുടരുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.









0 comments