വി ഡി സതീശന്റെ ബജറ്റിൽ വിസ്‌മരിച്ചു
print edition ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ പേരിൽ സ്‌മാരകം നിർമിക്കാൻ ചാണ്ടി ഉമ്മൻ

ചാണ്ടി ഉമ്മൻ (ഇടത്) വി ഡി സതീശൻ (വലത്)
തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ ബജറ്റിൽ കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയെ വിസ്‌മരിച്ചതിൽ കോൺഗ്രസിനുള്ളിൽ പ്രതിഷേധം. ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിക്ക് സ്‌മാരകം നിർമിക്കാനൊരുങ്ങുകയാണ് മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ. ‘ഉമ്മൻ ചാണ്ടിയെപോലൊരു നേതാവ് ജനഹൃദയങ്ങളിലാണ് ജീവിക്കുന്നതെന്നും അദ്ദേഹത്തിന്റെ പേരിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഉചിതമായ സ്‌മാരകം നിർമിക്കുമെന്നും’ ചാണ്ടി ഉമ്മൻ പറഞ്ഞതായി ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്‌തു.
തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കാട്ടിയ വി ഡി സതീശൻ അടക്കമുള്ള നേതാക്കൾ, അധികാരത്തിലെത്തിയപ്പോൾ സ്‌മാരകം നിർമിക്കാൻപോലും തയ്യാറാകാത്തത് അനീതിയാണ് എന്ന് കോൺഗ്രസ് പ്രവർത്തകർതന്നെ ചൂണ്ടിക്കാട്ടുന്നു. ഉമ്മൻ ചാണ്ടിയുടെ അനുയായികളെന്ന് അവകാശപ്പെടുന്ന ടി സിദ്ദിഖും പി സി വിഷ്‌ണുനാഥും ഇതിനായി ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്.
മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെ ഉൾപ്പെടുത്താത്തതിനുപന്നിൽ വി ഡി സതീശന്റെ പിടിവാശിയാണെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. 2011ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിന്റെ അമർഷമാണ് സതീശൻ പ്രകടിപ്പിച്ചതെന്നും സംസാരമുണ്ടായിരുന്നു.
കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് സ്‌മാരകം നിർമിക്കാൻ തുക വകയിരുത്തിയിരുന്നു. വി ഡി സതീശന്റെ പുതുക്കിയ ബജറ്റിൽ ഇക്കാര്യം ഉൾപ്പെടുത്തിയില്ലെന്ന് ബാലഗോപാൽ നിയമസഭയിൽ അറിയിച്ചിരുന്നു. ആദ്യ ബജറ്റിലെ നിർദേശങ്ങൾ അതേപടി നിലനിൽക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ ബാലഗോപാലിന് ഉറപ്പു നൽകിയിട്ടുണ്ട്.










0 comments