print edition വിബിജി ആർഎഎംജി; 2 മാസം; കുറച്ചത് 54.93 ലക്ഷം തൊഴിൽദിനം

ജയൻ ഇടയ്‌ക്കാട്
Published on Sep 08, 2026, 01:30 AM | 1 min read
കൊല്ലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുപകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന വികസിത ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവികാ മിഷൻ ഗ്രാമീൺ (വിബിജി ആർഎഎം ജി) പദ്ധതി നടപ്പാക്കിയശേഷം ആദ്യ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 54,93,654 തൊഴിൽദിനം കുറഞ്ഞു. നൂറുദിനത്തിന് പകരം 125 ദിവസം തൊഴിൽ ലഭിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ അവകാശവാദം.
2026 ജൂലൈയിലാണ് പുതിയ പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞവർഷം ജൂലൈ, ആഗസ്‌ത് മാസങ്ങളിലായി 1,22,41,923 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചപ്പോൾ ഇൗ വർഷം 67,48, 269 ആയി കുറഞ്ഞു. ഇൗ വർഷം ജൂലൈയിൽ 47,42,674, ആഗസ്‌തിൽ 20,05,595 എന്നിങ്ങനെയാണ് തൊഴിൽദിനങ്ങൾ. അതേസമയം 2025 ജൂലൈയിൽ 65,33,335, ആഗസ്‌തിൽ 57,08,588 എന്നിങ്ങനെ ആയിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പുസാമ്പത്തിക വർഷം ജൂൺ 30 വരെയുള്ള മൂന്നു മാസത്തിനിടെ 1,20,71,584 തൊഴിൽദിനം സൃഷ്ടിക്കാനായിരുന്നു.
2025– -26 സാമ്പത്തികവർഷം ആഗസ്തുവരെ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 3,44,03,910 തൊഴിൽദിനം സൃഷ്‌ടിച്ചിരുന്നു. ഇൗ സാമ്പത്തികവർഷം ഇതുവരെ 1,55,84,057 തൊഴിൽദിനം കുറഞ്ഞു. ഒരുദിവസത്തെ കൂലി 401 രൂപയാണ്. തൊഴിൽദിനം കുറഞ്ഞത് തൊഴിലാളികൾക്ക് വലിയ സാമ്പത്തികനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.
പുതിയ പദ്ധതിയിൽ 318 ഇനം പ്രവൃത്തികളുടെ പട്ടിക കേന്ദ്രസർക്കാർ ഇറക്കിയിട്ടുണ്ട്. പലതും മുൻകാലത്തേതുപോലെ തൊഴിലാളി സൗഹൃദമാക്കാൻ പഞ്ചായത്തുകൾക്ക് കഴിയുന്നില്ല. പദ്ധതിയെ ഘട്ടംഘട്ടമായി തകർക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.









0 comments