print edition കലിക്കറ്റിൽ ഇന്ന് വന്ദേമാതരം പൂർണമായി ആലപിക്കും

തേഞ്ഞിപ്പലം: കേരള സർവകലാശാലക്ക് പിന്നാലെ വന്ദേമാതരം പൂർണമായി കലിക്കറ്റ് സർവകലാശാലയിലും ചൊവ്വാഴ്ച ആലപിക്കും. ബിരുദദാന ചടങ്ങിലാണ് വന്ദേമാതരം പൂർണമായി ആലപിക്കാൻ തീരുമാനിച്ചത്. സർവകലാശാലാ ചാൻസലറായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പങ്കെടുക്കും.
കോൺഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാവുകൂടിയായ ഡോ. പി രവീന്ദ്രനെ വൈസ് ചാൻസലർ പദവിയിൽ നിയമിച്ചത് നിലവിലെ ചാൻസലറാണ്. വിസിക്ക് ബിജെപിയും മുസ്ലിംലീഗും പിന്തുണയും നൽകുന്നുണ്ട്.
യുഡിഎഫിന് ഭൂരിപക്ഷമുള്ള നിലവിലെ സിൻഡിക്കറ്റിൽനിന്ന് ഇതിനെതിരെ കാര്യമായ എതിർപ്പൊന്നും ഉയർന്നില്ലെന്നതും ശ്രദ്ധേയമാണ്. സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട്, വ്യവസായി പി കെ അഹമ്മദ് എന്നിവർക്ക് ഡിലിറ്റും പ്രശസ്ത ശാസ്ത്രജ്ഞൻ പത്മശ്രീ ഡോ. എലുവത്തിങ്ങൽ ഡേവിസ് ജെമ്മിസിന് ഡിഎസ്‌സിയും നൽകാനാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ പങ്കെടുക്കാനായി തിങ്കൾ രാത്രി ഒമ്പതോടെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സർവകലാശാലയിലെത്തി. രാവിലെ 10ന് സർവകലാശാലാ സെനറ്റ് യോഗം ചാൻസലറുടെ സാന്നിധ്യത്തിൽ നടക്കും. 10.45 ഓടെയാണ് ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ ബിരുദാന ചടങ്ങ്.
ഡോ. എലുവത്തിങ്ങൽ ഡേവിസ് ജെമ്മിസ് കലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറെ തെരഞ്ഞെടുക്കുന്ന സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയായിരുന്നു.
കലിക്കറ്റ് സർവകലാശാലയുമായും ഡോ. പി രവീന്ദ്രനുമായും ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്ന് വൈസ് ചാൻസലർ വിജ്ഞാപനത്തിനെതിരെ കഴിഞ്ഞ സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ ഇദ്ദേഹം കമ്മിറ്റിയിൽനിന്ന് പിൻമാറുകയായിരുന്നു.
എൽഡിഎഫ് ബഹിഷ്കരിക്കും
തേഞ്ഞിപ്പലം: കലിക്കറ്റ് സർവകലാശാലയിൽ ചൊവ്വാഴ്ച നടക്കുന്ന ഡിലിറ്റ് ബിരുദദാനം ബഹിഷ്കരിക്കാൻ ഇടതുപക്ഷ സിൻഡിക്കറ്റ്, സെനറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങൾ തീരുമാനിച്ചു. സെനറ്റ് അധികാരത്തെ മറികടന്ന് ചാൻസലർ ഓഫീസിനെ ഉപയോഗിച്ച് ബിരുദം നൽകാനും വന്ദേമാതരം പൂർണമായും ചടങ്ങിൽ ആലപിക്കാനുമുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.
ഡിലിറ്റ്, ഡിഎസ് സി ബിരുദങ്ങൾ നൽകാൻ സിൻഡിക്കറ്റിൽ ചർച്ച നടന്നപ്പോൾ സെനറ്റിനെ ഒഴിവാക്കുന്നത് സംബന്ധിച്ച് സൂചനകളൊന്നും നൽകിയില്ല. ഇതിനുശേഷം സവിശേഷ സാഹചര്യത്തിൽ പ്രയോഗിക്കേണ്ട വകുപ്പുകൾ അനുസരിച്ച് നേരിട്ട് ചാൻസലറിൽനിന്ന് അനുമതി വാങ്ങുകയാണ് ചെയ്തത്.
സെനറ്റ് അംഗങ്ങൾ ഇതിൽ പ്രതിഷേധിച്ച് കത്ത് നൽകുകയും സിൻഡിക്കറ്റംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ചർച്ചകൾക്കോ വിശദീകരണത്തിനോ വൈസ് ചാൻസലർ തയ്യാറായില്ല. ഹൈക്കോടതിയിൽ അംഗങ്ങൾ നൽകിയ ഹർജിക്കുള്ള മറുപടിയായി ഫയൽ ചെയ്ത എതിർ സത്യവാങ്മൂലത്തിൽ സെനറ്റിൽ ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യുന്നത് അനാവശ്യമാണെന്നാണ് സർവകലാശാലയ്ക്കുവേണ്ടി വ്യക്തമാക്കിയിരിക്കുന്നത്.
ചടങ്ങിൽ വന്ദേമാതരത്തിന്റെ പൂർണമായ ആലാപനമുണ്ടാകരുതെന്ന് കാണിച്ച് സിൻഡിക്കറ്റ് അംഗങ്ങൾ വൈസ് ചാൻസലർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതിനോടും നിഷേധാത്മകമായ നിലപാടാണ് വൈസ് ചാൻസലറെടുത്തത്. സമ്മാനിതരാകുന്ന വ്യക്തികളോടുള്ള ആദരം നിലനിർത്തിക്കൊണ്ടുതന്നെ ചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതരായിരിക്കുന്നതെന്ന് സിൻഡിക്കറ്റ് അംഗങ്ങളായ എം ബി ഫൈസൽ, ഡോ. കെ മുഹമ്മദ് ഹനീഫ, ഡോ. കെ പ്രദീപ്‌കുമാർ, ഡോ. പി സുശാന്ത്, ഇ അബ്ദുറഹീം, പി പി സുമോദ് എംഎൽഎ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.









0 comments