print edition സബ്ജക്ട് മിനിമം പിൻവലിക്കൽ: പൊതുവിദ്യാഭ്യാസത്തെ പിന്നോട്ടടിപ്പിക്കുന്ന തീരുമാനം: വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പരീക്ഷകളിൽ ഏർപ്പെടുത്തിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് സംവിധാനം വിദ്യാഭ്യാസവകുപ്പ് എടുത്തുമാറ്റിയത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ പുരോഗതിയെ പിന്നോട്ടടിക്കുന്ന നടപടിയാണെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അക്കാദമിക പഠനമോ കൂടിയാലോചനയോ ഇല്ലാതെ, ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനം ജനാധിപത്യ ഭരണരീതിക്ക് നിരക്കുന്നതല്ല. വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയും ഗുണനിലവാരവും വീണ്ടെടുക്കാനാണ് സമഗ്രപഠനങ്ങളിലൂടെ എഴുത്തുപരീക്ഷയിൽ 30 ശതമാനം മിനിമം മാർക്ക് ഏർപ്പെടുത്താൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്.
കുട്ടികളെ തോൽപ്പിക്കുക എന്നതല്ല, മറിച്ച് ഓരോ ക്ലാസിലും അവർ ആർജിക്കേണ്ട അടിസ്ഥാന ശേഷികൾ ഉറപ്പാക്കുകയും പിന്നാക്കം പോകുന്ന കുട്ടികളെ കണ്ടെത്തി പഠനപിന്തുണയും റെമഡിയൽ ക്ലാസുകളും നൽകി കൈപിടിച്ചുയർത്തുക എന്നതുമായിരുന്നു പദ്ധതിയുടെ കാതൽ. അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒരുപോലെ സ്വാഗതംചെയ്ത ഈ ശാസ്ത്രീയ ഇടപെടലാണ് ഇപ്പോൾ തകിടം മറിച്ചിരിക്കുന്നത്.
മിനിമം മാർക്ക് ഇല്ലാതാകുന്നതോടെ പ്രത്യേക പഠന പിന്തുണയും നിർത്തലാക്കപ്പെടും. ഇത് കുട്ടികളുടെ പഠനനിലവാരത്തിൽ തകർച്ചയുണ്ടാക്കും. അക്കാദമിക മികവ് ഉറപ്പാക്കാനുള്ള നിലപാടുകളെല്ലാം ഒന്നൊന്നായി റദ്ദാക്കി വിദ്യാർഥികളുടെ ഭാവിവച്ച് പന്താടുകയാണ് സർക്കാർ.
സംസ്ഥാനത്ത് പ്ലസ്വൺ അധിക ബാച്ചുകളുടെ മറവിൽ മലപ്പുറം ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ നടക്കുന്ന അധ്യാപക നിയമനക്കോഴ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തീരാക്കളങ്കമാണെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.









0 comments