മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്?; വി മുരളീധരൻ നിരുപാധികം മാപ്പ് പറയണം: എ എ റഹീം

തിരുവനന്തപുരം: കട്ടേല മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പുതുതായി പ്രവേശനംനേടിയ കുട്ടികളെ അപമാനിച്ച് വി മുരളീധരൻ എംഎൽഎ നിരുപാധികം മാപ്പ് പറയണമെന്ന് എ എ റഹീം. നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ലെന്നും മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തതെന്നും എ എ റഹീം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എംഎൽഎ! മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്? അവർ മിടുക്കരായ കുട്ടികളാണ്. എല്ലാവർക്കും പ്രിയപ്പെട്ടവർ, സ്നേഹിക്കാൻ മാത്രം അറിയുന്നവർ. അവരെ പൊതുമധ്യത്തിൽ അപമാനിക്കുന്ന രീതിയിലുള്ള അങ്ങയുടെ പ്രവർത്തി തികച്ചും അമാന്യവും, ഒട്ടും സംഭവിക്കാൻ പാടില്ലാത്തതുമായിരുന്നു.
ഒന്നിലേറെത്തവണ ആ സ്കൂളിൽ പോകുകയും, ആ മക്കളുടെ സ്നേഹവും മികവും നേരിട്ടറിയുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. പ്രതിഭയും സ്നേഹവും കൊണ്ട് ഹൃദയം കീഴടക്കുന്ന ആ കുട്ടികളെ ചേർത്തുപിടിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്... ആ കുരുന്നുകളോട് ഇങ്ങനെ പെരുമാറാൻ അയിത്തം ആഘോഷമാക്കുന്നവർക്കേ സാധിക്കൂ..
ഇതേ സ്കൂളിലെ കുട്ടികളെയും കൂട്ടിയാണ് അന്നത്തെ എംഎൽഎ സഖാവ് കടകംപള്ളി സുരേന്ദ്രൻ സിനിമ കാണാൻ പോയത്. സംസ്ഥാനത്തിന്റെ വിവിധ ട്രൈബൽ സെറ്റിൽമെന്റുകളിൽ നിന്നുള്ള പെൺകുട്ടികളാണ് ഈ സ്‌കൂളിലുള്ളത്.മിടുക്കരായ കുട്ടികൾ. മിഠായി എറിഞ്ഞു കൊടുത്ത സംഭവത്തിൽ ആ കുട്ടികളോടും കേരളത്തോടും എംഎൽഎ നിരുപാധികം മാപ്പ് പറയണം. മനുസ്മൃതി അല്ല, അംബേദ്‌കറും, ഭരണഘടനയുമാണ് ആ കുഞ്ഞുങ്ങളുടെ വഴിവിളക്ക്.











0 comments