print edition എംഡിഎംഎ പ്രതിയുമായി ബന്ധം; മുഖ്യമന്ത്രി മറുപടി പറയണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്ററും കൂട്ടാളികളും എംഡിഎംഎയുമായി പിടിയിലായ വിഷയത്തിൽ പ്രതികരിക്കാൻ വി ഡി സതീശൻ തയ്യാറാകണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽനിന്ന് കേന്ദ്രസർക്കാരിനെ സ്വാധീനിച്ച് മെറ്റയെ ഉപയോഗപ്പെടുത്തി ഒഴിവാക്കുകയാണ്. വി ഡി സതീശന് ആർഎസ്‌എസുമായി ബന്ധമുള്ളതുകൊണ്ടാണ് മിനിറ്റുകൾക്കകം സ്വാധീനിച്ച് ഇത്തരം കാര്യങ്ങൾ നീക്കാനായത്. ആർഎസ്‌എസ് നേതാവിന്റെ വിദ്വേഷ പ്രസംഗം നീക്കുന്നതുമില്ല.
രാസലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായ ആളുടെ വാർത്ത നീക്കാൻ മുഖ്യമന്ത്രിയും യുഡിഎഫ് സർക്കാരും കാണിക്കുന്ന തിടുക്കം സംശയം ഉണ്ടാക്കുന്നതാണെന്നും സനോജ് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയെ വീട്ടിലും ഓഫീസിലുംപോയി കാണാൻ അനുവാദമുള്ള ആളെ പിടികൂടിയിട്ടും ചില മാധ്യമങ്ങൾ സംഭവത്തെ വെള്ളപൂശുകയാണ്. സതീശന്റെ ആരാധകർ പിടിയിലായെന്നാണ് ഒരു മാധ്യമം വാർത്ത നൽകിയത്. മാധ്യമങ്ങൾ തമസ്‌കരിച്ചിട്ടും കൂടുതൽ തെളിവുകൾ പുറത്തുവരികയാണെന്നും സനോജ് പറഞ്ഞു.
എംഡിഎംഎ പ്രതികൾക്ക് യൂത്ത് കോൺഗ്രസുമായി ഒരു ബന്ധവുമില്ലെന്ന മന്ത്രി ഒ ജെ ജനീഷിന്റെ പ്രസ്‌താവന തെറ്റിദ്ധരിപ്പിക്കലാണ്.
സംസ്ഥാന അധ്യക്ഷനായ മന്ത്രി പറഞ്ഞതല്ല എറണാകുളം ജില്ലാ കമ്മറ്റിയുടെ നിലപാട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പ്രതികളെ പുറത്താക്കി എന്നാണ് അവരുടെ വാർത്താക്കുറിപ്പെന്നും സനോജ് പറഞ്ഞു.









0 comments