Deshabhimani

മൃഗശാല മാറ്റാനുള്ള നീക്കം അശാസ്ത്രീയം: വി ജോയി

V Joy
വെബ് ഡെസ്ക്

Published on Sep 18, 2026, 10:55 PM | 1 min read

തിരുവനന്തപുരം: മൃഗശാല നെയ്യാറിലേക്ക് മാറ്റാനുള്ള സതീശൻ സർക്കാരിന്റെ നീക്കം അശാസ്ത്രീയമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി. പഠനങ്ങളോ ഡിപിആറോ ഇല്ലാതെയുള്ള പ്രഖ്യാപനത്തിൽ ദുരൂഹതയുണ്ട്‌. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ 2034–-35 വരെയുള്ള മാസ്റ്റർ പ്ലാൻ നിലവിലിരിക്കെയാണ് പെട്ടെന്നുള്ള തീരുമാനം.


കഴിഞ്ഞ വർഷം കോടിക്കണക്കിന് രൂപ ചെലവാക്കി ക്വാറന്റൈൻ കേന്ദ്രവും പക്ഷികൾക്ക്‌ ആവാസകേന്ദ്രവും നിർമിച്ചിരുന്നു. അടുത്തിടെയാണ്‌ ഗുജറാത്തിൽനിന്ന് സീബ്രകളെയെത്തിച്ചത്‌. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വികസനപ്രവർത്തനം നടത്തിയശേഷം, മൃഗശാലയ്ക്ക് സ്ഥലം അനുയോജ്യമല്ലെന്നുള്ളത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.


ആധുനികീകരിക്കുകയോ സ്വാഭാവിക ആവാസവ്യവസ്ഥ മെച്ചപ്പെടുത്തണമെങ്കിൽ പദ്ധതി തയ്യാറാക്കുകയോ ചെയ്യാമെന്നിരിക്കേ ഹരിതഭൂമിയെ നഗരത്തിൽനിന്ന് മാറ്റുന്നത്‌ ഗൗരവമായി ചിന്തിക്കണം.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിയന്ന മൃഗശാല, ലണ്ടൻ മൃഗശാല എന്നിവ നഗരമധ്യത്തിലാണുള്ളത്‌. നഗരത്തിൽ മൃഗശാലയുണ്ടാകുന്നത് അസാധാരണമല്ല.


പല നഗരങ്ങളും അവരുടെ മൃഗശാലകളെ നഗരചരിത്രത്തിന്റെയും പൊതുജീവിതത്തിന്റെയും ഭാഗമായി സംരക്ഷിക്കുകയും ആധുനികീകരിക്കുകയും ചെയ്‌തു. സന്ദർശകർക്കുള്ള ഗതാഗതസൗകര്യമോ വനഭൂമി വിനിയോഗിക്കാനുള്ള സാങ്കേതിക കടമ്പകളോ പരിഗണിക്കാതെയാണ് നീക്കം. 55 ഏക്കറോളമുള്ള വിലപിടിപ്പുള്ള പൊതുഭൂമിയുടെമേലുള്ള ഗൂഢലക്ഷ്യങ്ങളാണോ പെട്ടെന്നുള്ള മൃഗസ്നേഹത്തിന് പിന്നിലെന്ന് സംശയിക്കുന്നുവെന്നും ജോയി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home