മൂന്നാറിൽ ജാഗ്രതാ നിർദ്ദേശം: യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; മുന്നറിയിപ്പ്

AI പ്രതീകാത്മക ചിത്രം / Gemini
ഇടുക്കി: വേനൽ കടുക്കുന്നതോടെ മൂന്നാറിൽ അൾട്രാവയലറ്റ് രശ്മികളുടെ അളവ് ആശങ്കാജനകമായി ഉയരുന്നു. യുവി ഇൻഡക്സ് 8-ന് മുകളിൽ എത്തിയ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേഖലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
സാധാരണ നിലയിൽ മൂന്നിൽ നിൽക്കേണ്ട യുവി ഇൻഡക്സ് ഇപ്പോൾ എട്ടിലേക്കും അതിനു മുകളിലേക്കും ഉയർന്നിരിക്കുകയാണ്. തെളിഞ്ഞ ആകാശവും ഉയർന്ന സമുദ്രനിരപ്പും സൂര്യപ്രകാശം നേരിട്ട് പതിക്കാൻ കാരണമാകുന്നു.
സൂര്യരശ്മികൾ ഏറ്റവും തീവ്രമായി പതിക്കുന്ന ഉച്ചസമയങ്ങളിൽ തോട്ടം തൊഴിലാളികൾ ജോലി ചെയ്യുന്നത് ഒഴിവാക്കാൻ ഇടുക്കി ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകി.
ഉയർന്ന യുവി രശ്മികൾ ചർമ്മത്തിന് പൊള്ളലേൽക്കാനും, കണ്ണിന് അസുഖങ്ങൾക്കും ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. ഒരു പ്രത്യേകസ്ഥലത്തും സമയത്തും സൂര്യതാപത്തിൽനിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിന്റെ അളവാണ് യു.വി.
നിർദ്ദേശങ്ങൾ
രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. ശരീരം പൂർണ്ണമായി മറയ്ക്കുന്ന ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർ വെയിൽ ഏൽക്കാത്ത തണൽ ഇടങ്ങളിൽ വിശ്രമിക്കാൻ ശ്രദ്ധിക്കണം.
ചർമ്മരോഗമുള്ളവരും കുട്ടികളും പ്രായമായവരും പ്രത്യേക ജാഗ്രത പാലിക്കണം.











0 comments